ഭിന്നശേഷി കായികോത്സവം : മേഖലാ മത്സരം ഫെബ്രുവരി മൂന്നിന്


കോഴിക്കോട്: പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ മറ്റ് കുട്ടികളോടൊപ്പം കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇൻക്ലൂസീവ് സ്പോർട്സിന്റെ സോണൽ കായികോത്സവത്തിന് ഫെബ്രുവരി മൂന്നിന് ജില്ലയിൽ തുടക്കമാകും. പതിനഞ്ച് ബിആർസികളിൽ നടന്ന കായികോത്സവത്തിൽ മികവ് തെളിയിച്ച 700ലധികം ഭിന്നശേഷി കുട്ടികളാണ് മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി സംഘടിപ്പിക്കപ്പെടുന്ന ഇൻക്ലൂസീവ് കായികോത്സവത്തിൽ പങ്കാളികളാകുന്നത്. സാമൂതിരി എച്ച്എസ്എസ് തളി (കോഴിക്കോട് വിദ്യാഭ്യാസ ജില്ല), എസ്എൻ ട്രസ്റ്റ് എച്ച്എസ്എസ് ചേളന്നൂർ (താമരശ്ശേരി വിദ്യാഭ്യാസ ജില്ല), നാഷണൽ എച്ച്എസ്എസ് വട്ടോളി (വടകര വിദ്യാഭ്യാസ ജില്ല) എന്നീ കേന്ദ്രങ്ങളിലാണ് സോണൽ മത്സരങ്ങൾ നടക്കുന്നത്. സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെയാണ് കായികോത്സവം സംഘടിപ്പിക്കുക.

ഫുട്ബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ്, ഹാന്റ്ബോൾ, റിലേ, സ്റ്റാന്റിംഗ് ജംബ്, ബോൾ ത്രോ എന്നീ ഇനങ്ങളിലാണ് മത്സരം. പലവിധ പരിമിതികളാൽ കായിക മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെടുന്ന കുട്ടികൾക്ക് അവസരമൊരുക്കി ശാരീരികവും മാനസികവുമായ കരുത്ത് പ്രദാനം ചെയ്ത് ആത്മവിശ്വാസമുള്ളവരാക്കി മാറ്റുക എന്നതാണ് കായികോത്സവത്തിന്റെ ലക്ഷ്യം. പ്രത്യേക പരിശീലനം ലഭിച്ച കായികാധ്യാപകരും തെരഞ്ഞെടുക്കപ്പെട്ട സ്പെഷ്യൽ എജ്യുക്കേറ്റർമാരുമാണ് ഇൻക്ലൂസീവ് കായികോത്സവത്തിന് നേതൃത്വം നൽകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, അധ്യാപക സംഘടനകൾ, സന്നദ്ധ സംഘടനകൾ, സ്കൂൾ കായികാധ്യാപകർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കായികമേള സംഘടിപ്പിക്കുന്നത്. സഹപാഠികളുടെയും സമൂഹത്തിന്റെയും കൈത്താങ്ങോടെ കൂടുതൽ ദൂരത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ വേഗത്തിൽ എന്ന ലക്ഷ്യത്തിലേക്ക് വിഭിന്നശേഷിക്കാരും ഉയരുന്ന നാളുകളാണ് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സ്വപ്നം കാണുന്നതെന്ന് സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൾഹക്കീം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *