കോഴിക്കോട്: ജീവിതത്തിൽ ഒരു കാര്യത്തിലും മറയോ മുഖംമൂടിയോ ഇല്ലാത്ത കമ്യൂണിസ്റ്റുകാരനും തൊഴിലാളി പ്രവർത്തകനുമാണ് കെ ജി പങ്കജാക്ഷനെന്ന് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സ്വജീവിതം പോലും ത്യജിച്ച് തൊഴിലാളികൾക്ക് വേണ്ടി പ്രവർത്തിച്ച ത്യാഗധനരായ നേതാക്കളുടെ പിന്മുറക്കാരനാണ് കെ ജിയെന്നും അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും മാതൃകയാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനുള്ള ‘റോക്സ് ഫെർണാണ്ടസ് പുരസ്ക്കാരം’ ലഭിച്ച സിപിഐ, എഐടിയുസി നേതാവ് കെ ജി പങ്കജാക്ഷനെ സിറ്റി കോർപറേഷൻ വർക്കേഴ്സ് യൂണിയൻ (എഐടിയുസി) നേതൃത്വത്തിൽ കോഴിക്കോട്ടെ ട്രേഡ് യൂണിയൻ പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ആദരിക്കുന്ന ‘കെ ജി പങ്കജാക്ഷന് സ്നേഹാദരം’ ചടങ്ങ് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ.
തന്റെ മുഴുവൻ സേവനവും തൊഴിലാളികൾക്ക് വേണ്ടി മാറ്റിവെച്ച നേതാവാണ് കെ ജി. അദ്ദേഹമുൾപ്പെടെയുള്ളവർ പോരാടി നേടിയ തൊഴിലാളികളുടെ അവകാശങ്ങളോരോന്നും വെട്ടിയരിഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. ധീരമായ പോരാട്ടങ്ങളിലൂടെ ഇന്ത്യൻ തൊഴിലാളി വർഗമാണ് രാജ്യത്തിന് അടിത്തറ പാകിയത്. ആ തൊഴിലാളികളുടെ അവകാശങ്ങളാണ് കുത്തക മുതലാളിമാർക്ക് വേണ്ടി രാജ്യം ഭരിക്കുന്ന മോഡി സർക്കാർ കവർന്നെടുക്കുന്നത്. അവകാശങ്ങൾക്ക് വേണ്ടിയുള്ള, ജീവിക്കാനായുള്ള പോരാട്ടത്തിൽ കെ ജിയുടെ പോരാട്ട സ്മരണകൾ എല്ലാവർക്കും കരുത്താകണമെന്നും പന്ന്യൻ വ്യക്തമാക്കി.
സിപിഐ സംസ്ഥാന എക്സി. അംഗം ടി വി ബാലൻ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീനാ ഫിലിപ്പ് കെജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. എന്നും ജനപക്ഷത്ത് അടിയുറച്ച് നിന്നത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മാത്രമാണെന്ന് ബീന ഫിലിപ്പ് പറഞ്ഞു. സാധാരണക്കാരായ തൊഴിലാളികൾക്ക് വേണ്ടിയുള്ളതാണ് കെ ജിയുടെ ജീവിതമെന്നും അവർ വ്യക്തമാക്കി.
സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. ആർട്ടിസ്റ്റ് ശ്രീകുമാർ മാവൂരിനെ ചടങ്ങിൽ ആദരിച്ചു. രഞ്ജിത്ത് കുമാർ ഡി, പി കെ നാസർ, വി ടി മുരളി, റീന മുണ്ടേങ്ങാട്ട്, പി വി മാധവൻ, സി പി സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. കെ ജി പങ്കജാക്ഷൻ മറുപടി പ്രസംഗം നടത്തി. രതീഷ് കുമാർ കെ സ്വാഗതവും സി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. തുടർന്ന് ഇപ്റ്റ കോഴിക്കോട് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

