കോഴിക്കോട്: നവകേരള സദസ്സിന് ജില്ലയിൽ പ്രൗഢോജ്വല തുടക്കം. ജില്ലയിലെ ആദ്യ വേദിയായ നാദാപുരത്ത് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. നിറഞ്ഞ കരഘോഷത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും ഓരോ മന്ത്രിമാരെയും സദസ്സ് വേദിയിലേക്ക് വരവേറ്റത്. പൂച്ചെണ്ടുകൾക്കൊപ്പം കടത്തനാടൻ ശൈലി വിളിച്ചോതുന്ന കളരിയുൾപ്പെടുത്തിയ മൊമെന്റോയും നൽകിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത്.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും നിവേദനം നൽകാനുമായി കല്ലാച്ചി മാരാം വീട്ടിൽ ഗ്രൗണ്ടിൽ രാവിലെ ഏഴ് മുതൽ തന്നെ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനക്കൂട്ടം എത്തിയിരുന്നു. കല്ലാച്ചി ടൗൺ മുതൽ നാദാപുരം ടൗൺ വരെ റോഡിനിരുവശത്തും കെട്ടിടങ്ങൾക്ക് മുകളിലും പരിപാടി വീക്ഷിക്കാനായി ആളുകൾ ഇടം പിടിച്ചിരുന്നു.
ഉദ്ഘാടന ചടങ്ങിന് മുമ്പായി രാവിലെ 8.30 ന് കലാപരിപാടികൾ ആരംഭിച്ചു. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം കൗശിക്കിന്റെ നേതൃത്വത്തിലുള്ള ഗാന സദസ്സാണ് വേദിയിൽ അരങ്ങേറിയത്. ഗാനങ്ങൾ നവകേരള സദസ്സ് വീക്ഷിക്കാനെത്തിയവർക്ക് ഹൃദ്യാനുഭവമായി.
ചടങ്ങിൽ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനറും നോഡൽ ഓഫീസറുമായ ഡോ. ജോസഫ് കുര്യാക്കോസ് സ്വാഗതവും ഫുഡ് സേഫ്റ്റി ഓഫീസർ ഫെബിന മുഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.
ആബാലവൃദ്ധം തടിച്ചുകൂടി
നവകേരള സദസ്സിന് കോഴിക്കോട് ജില്ലയിൽ വൻ സ്വീകാര്യത. ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ നാദാപുരം,പേരാമ്പ്ര, കുറ്റ്യാടി, വടകര മണ്ഡലങ്ങളിലായി ആദ്യദിനം ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. നിറഞ്ഞ സദസ്സിന്റെ കൈയ്യടികൾ ഏറ്റുവാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ മണ്ഡലങ്ങളിലെയും നവകേരള സദസ്സിനെ അഭിസംബോധന ചെയ്തു.
വേദികളിൽ സജ്ജീകരിച്ച കസേരകൾക്കും താത്കാലിക സംവിധാനങ്ങൾക്കും അപ്പുറത്തേക്ക് ആബാലവൃദ്ധം പരിപാടിയിലേക്ക് ഒഴുകിയെത്തി. ജനനായകരെ കാണാനും കേൾക്കാനും ജനസഞ്ചയങ്ങൾ തിങ്ങിനിറഞ്ഞു. വാദ്യോപകരണ ങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രിമാരെ ഓരോ വേദിയിലേക്കും വരവേറ്റത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാക്കുകൾ കരഘോഷത്തോടെയും ആർപ്പ് വിളികളോടെയുമാണ് ജനങ്ങൾ സ്വീകരിച്ചത്.
ജില്ലയിൽ നവംബർ 26 വരെ നവകേരള സദസ്സ് തുടരും. നവംബർ 25 ന് രാവിലെ 9 ന് എരഞ്ഞിപ്പാലത്തുള്ള ഹോട്ടൽ ട്രിപ്പന്റയിൽ പ്രഭാത സദസ്സ് നടക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനു ശേഷം രാവിലെ 11 മണിക്ക് നവകേരള സദസ്സ് കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ ആരംഭിക്കും. വൈകിട്ട് 3 ന് ബാലുശ്ശേരി ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിലും വൈകിട്ട് 4.30ന് എലത്തൂർ നന്മണ്ട എച്ച്എസ്എസ് ഗ്രൗണ്ടിലും വൈകിട്ട് 6 ന് ഫ്രീഡം സ്‌ക്വയറിലും നവ കേരള സദസ്സ് നടക്കും
നവകേരള സദസ്സിന് ജില്ലയിൽ തുടക്കം; ഒഴുകിയെത്തിയത് പതിനായിരങ്ങൾ

