മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം വേഗത്തിലാക്കും
കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി അഡ്വ. കെ. ജയന്ത് എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു. ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിൽ റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്ന വിവിധ വിഷയങ്ങളിൽ അടിയന്തര പരിഹാരം കാണുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. തടസ്സങ്ങൾ എത്രയും വേഗം നീക്കം ചെയ്ത് തുടർനടപടികൾ വേഗത്തിലാക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സ്റ്റേറ്റ് ബാങ്ക്-മാനാഞ്ചിറ ഭാഗത്തെ റോഡ് പൂർത്തീകരണത്തിന് നിലവിലുള്ള തടസ്സങ്ങൾ പരിഹരിക്കുക, എസ്.ബി.ഐ ജംഗ്ഷന് നടുവിലുള്ള കെ.ടി. മുഹമ്മദ് പ്രതിമയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, റോഡിനായി ഏറ്റെടുത്ത ഭൂമിയിൽ മാലൂർക്കുന്ന് എ.ആർ ക്യാമ്പ് ഉപയോഗിച്ചുവരുന്ന വാട്ടർ സംപ് അടിയന്തരമായി പൊളിച്ചുമാറ്റുക തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. പുതിയ ബസ് ബേകളും ബസ് ഷെൽട്ടറുകളും സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തുക, കാൽനടയാത്രക്കാർക്ക് തടസ്സമാകുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറുകളും ആർ.എം.യു യൂണിറ്റുകളും സമീപത്തെ സർക്കാർ ഭൂമിയിലേക്കോ ഉയർന്ന പ്ലാറ്റ്ഫോമുകളിലേക്കോ മാറ്റിസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു.
റോഡ് നവീകരണം പൂർത്തിയാകുമ്പോൾ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ബസ് ബേകൾക്ക് കൂടുതൽ സ്ഥലം കണ്ടെത്താനും റോഡുകൾ ഭിന്നശേഷി സൗഹൃദമായി നിർമ്മിക്കാനും എം.എൽ.എ നിർദ്ദേശിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (എൽ.എ) സി. സുബൈർ, തഹസിൽദാർ, അതോറിറ്റി എൻജിനീയർ, മിഡ്ലാൻഡ് കോൺട്രാക്ടർ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.