‹

ജി കെ എഫ് സി യൂത്ത് ലീഗിന് തുടക്കമായി

കോഴിക്കോട്: കോഴിക്കോട്ടെ യുവ ഫുട്ബോൾ പ്രതിഭകൾക്ക് മികച്ച മത്സരവേദി ഒരുക്കുന്നതിനും സ്കൂൾ തലത്തിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗോകുലം കേരള എഫ്‌സിയും ബന്ധൻ ബാങ്കും ചേർന്ന് സംഘടിപ്പിക്കുന്ന ജി കെ എഫ്‌സി യൂത്ത് ലീഗ് – സീസൺ 1ന് തുടക്കമായി.

ടൂർണമെന്റിൽ ജേതാക്കളാവുന്ന ടീമിന് ഖത്തറിൽ ഖത്തർ ആസ്ഥനമായി പ്രവർത്തിക്കുന്ന എൻഫീൽഡ് അക്കാദമിയുമായി സൗജന്യ സൗഹൃദ മത്സരമാണ് ഒരുങ്ങുന്നത്.

യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും മത്സരപരിചയം നേടാനും ഫുട്ബോളിൽ കൂടുതൽ മികവ് കൈവരിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത് ലീഗ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് ഗോകുലം പബ്ലിക് സ്കൂളിൽ ലീഗിന് തുടക്കമായപ്പോൾ, ആദ്യമത്സരത്തിൽ ഗോകുലം പബ്ലിക് സ്കൂൾ വടകര ബി ടീം  ഗോകുലം പബ്ലിക് സ്കൂൾ കോഴിക്കോടിനെ 14-0 മാർജിനിൽ തോൽപ്പിച്ചു.

U -13 വിഭാഗത്തിൽ 10 സ്കൂൾ ടീമുകളാണ് ആദ്യ സീസണിൽ പങ്കെടുക്കുന്നത്. ഗോകുലം പബ്ലിക് സ്കൂൾ കോഴിക്കോട്, ഗോകുലം പബ്ലിക് സ്കൂൾ വടകര – ടീം എ & ടീം ബി,  അപെക്സ് ഇന്റർനാഷണൽ സ്കൂൾ, ലയോള സ്കൂൾ, എംഇഎസ് സെൻട്രൽ സ്കൂൾ, എംഎസ്എസ് പബ്ലിക് സ്കൂൾ, ദയാപുരം റെസിഡൻഷ്യൽ സ്കൂൾ, സദ്ഭാവന വേൾഡ് സ്കൂൾ, സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ എന്നിങ്ങനെയാണ് പങ്കെടുക്കുന്ന വിദ്യാലയങ്ങൾ.

ശനി, ഞായർ ദിവസങ്ങളിലായി മൂന്ന് മാസക്കാലയളവിലാണ് U -13 മത്സരങ്ങൾ നടക്കുക. ടൂർണമെന്റിന്റെ അടുത്ത മത്സരദിനം ഒക്ടോബർ 17-നാണ്.

യൂത്ത് ലീഗിന്റെ ഭാഗമായി വിവിധ പ്രായവിഭാഗങ്ങളിലായി 300-ലധികം യുവ ഫുട്ബോൾ താരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. U -13 വിഭാഗത്തിന് പിന്നാലെ അണ്ടർ -15, അണ്ടർ-17 വിഭാഗങ്ങളിലെ മത്സരങ്ങളും ഈ മാസം അവസാനത്തോടെ ആരംഭിക്കും.

യുവതാരങ്ങൾക്ക് ചിട്ടയായ പരിശീലനത്തിനും മത്സരപരിചയത്തിനും അവസരമൊരുക്കുന്നതിനൊപ്പം, സ്കൂളുകൾക്കിടയിൽ ഫുട്ബോളിനോടുള്ള താൽപര്യം വർധിപ്പിക്കുക, പുതിയ പ്രതിഭകളെ കണ്ടെത്തുക, ഭാവിയിലെ മികച്ച താരങ്ങളെ വളർത്തിയെടുക്കുകയും ലീഗിലൂടെ സാധ്യമാകുമെന്ന് ഗോകുലം കേരള എഫ് സി സ്‌പോർട്ടിങ് ഡയറക്ടർ രാമൻ വിജയൻ പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000