സംസ്ഥാന സബ്ജൂനിയര് ഫുട്ബോള്‍ ഫൈനല്‍ നാളെ
മലപ്പുറവും കാസര്‍ഗോഡും ഏറ്റുമുട്ടും
കോഴിക്കോട്: 46-ാമത് സംസ്ഥാന അന്തര്‍ ജില്ലാ സബ്ജൂനിയര് ഫുബോള്‍ ചാമ്പ്യന്‍ ഷിപ്പ് ഫൈനല്‍ മത്സരം നാളെ (18-ന്) വൈകീട്ട് നാലിന് സെന്റ്ജോസഫ് ദേവഗിരി കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മലപ്പുറം കാസര്‍ഗോഡിനെ നേരിടും. രാവിലെ 8.30ന് കോഴിക്കോട് കണ്ണൂരും തമ്മില്‍ ലൂസേഴ്സ് ഫൈനല്‍ മത്സരം നടക്കും.
ഇന്നലെ വൈകീട്ട് 3.00ന് നടന്ന ആദ്യമത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് മലപ്പുറം കണ്ണൂരിനെ പരാജയപ്പെടുത്തി. 3-ാം നമ്പര്‍ മിഫ്സാല് അബൂബക്കര്‍, 8-ാം നമ്പര്‍ മുഹമ്മദ് ഷെഫിന്, 9-ാംമ്പര് റാമിസ് മുഹമ്മദ് എന്നിവര്‍ മലപ്പുറത്തിനു വേണ്ടി ഗോളുകള്‍ നേടി. മലപ്പുറത്തിന്റെ മിഫ്സാന് അബുബക്കറാണ് മാന്‍ഓഫ്ദി മാച്ച്.
4.30ന് കാസര്‍ഗോഡും കോഴിക്കോടും തമ്മില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് പരാജയപ്പെട്ടു. ഹാട്രിക്കോടെ കാസര്‍ഗോഡിന്റെ 6-ാം നമ്പര്‍ താരം മണിപ്പൂര്‍ സ്വദേശി ഒയ്നാം റോഷന് സിംഗാണ് കാസര്‍ഗോഡിനെ വിജയത്തിലേക്ക് നയിച്ചത്. കളിയുടെ ആദ്യപകുതിയില്‍ തന്നെ 17,26,28 മിനിട്ടുകളില്‍ റോഷന് കോഴിക്കോടിന്റെ വല ചലിപ്പിച്ചു. 14-ാം മിനുട്ടില്‍ തന്നെ 5-ാം നമ്പര്‍ മുഹമ്മദ് ഹിനാന്റെ ആദ്യഗോളില്‍ മുന്നേറിയ കോഴിക്കോടിന്റെ ആത്മവിശ്വാസം റോഷന്റ് ഹാട്രിക്ക് തകര്‍ത്തു. തൊട്ടു പിന്നാലെ കാസര്‍ഗോഡിന്റെ 10-ാം നമ്പര്‍ സല്‍മാനുല്‍ ഫാരിസിന്റെ ഗോളും വീണു. കാസര്‍ഗോഡിന്റെ 8-ാം നമ്പര്‍ മര്വാന് അബ്ദുള്‍ കബീറാണ് മാന്‍ഓഫ് ദി മാച്ച്.
വൈകീട്ട് നടക്കുന്ന സമാപന ചടങ്ങില്‍ മേയര്‍ ഒ. സദാശിവന്, കെഎഫ്എ പ്രസിഡന്റ് നവാസ് മീരാന്‍, കാലിക്കറ്റ് എഫ്സി ചെയര്മാന് വി.കെ.മാത്യു. സിഇഒ മാത്യു കോരത്തില് എന്നിവര്‍ സംബന്ധിക്കും.