ജീവനക്കാരോട് സർക്കാരിന്വൈരനിര്യാതന ബുദ്ധി: മുഹമ്മദ് റിയാസ്
കോഴിക്കോട്: തങ്ങൾക്കിഷ്ടമില്ലാത്ത ജീവനക്കാരോട് വൈരനിര്യാതന ബുദ്ധിയോടെയാണ് സർക്കാർ പെരുമാറുന്നതെന്ന് പി എ മുഹമ്മദ് റിയാസ് എം എൽ എ പറഞ്ഞു. ജീവനക്കാരുടെ ജീവനെടുക്കുന്ന അന്യായ സ്ഥലം മാറ്റങ്ങൾക്കെതിരെ അധ്യാപകരും ജീവനക്കാരും കോഴിക്കോട് സിവിൽ സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയമായി എതിർനിൽക്കുന്നവരെ ട്രാൻസ്ഫർ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമാണ്. സ്ഥലംമാറ്റത്തിൽ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാൻ 2017 ഫെബ്രുവരിയിൽ എൽഡിഎഫ് സർക്കാർ പൊതുമാനദണ്ഡം നിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നു. ഇത് അട്ടിമറിച്ചാണ് പ്രത്യേക പരിഗണന അർഹിക്കുന്നവരെപ്പോലും സ്ഥലം മാറ്റുന്നത്. ശരീരത്തിൽ ഒരു കൊതുകുകടിയുടെ വേദനപോലും ഏറ്റ സമരപാരമ്പര്യം ഇല്ലാത്തയാളാണ് കേരളത്തിലെ മുഖ്യമന്ത്രി. ജീവനക്കാർക്കും അധ്യാപകർക്കുമെതിരെ ദ്രോഹനടപടി തുടർന്നാൽ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും റിയാസ് പറഞ്ഞു.
എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ആർ എം രാജൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി എം ദൈത്യേന്ദ്രകുമാർ, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് പിഎസ് സ്മിജ, കെ ജി എൻ എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഷീന, പി എസ് സി ഇ യു ജില്ലാ സെക്രട്ടറി എം മഹേഷ് എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി സജിത്കുമാർ സ്വാഗതം പറഞ്ഞു.