നമ്പൂതിരിയും എമ്പ്രാന്തിരിയും
പണ്ടൊരു നമ്പൂതിരി കണ്ണൂർക്കൊരു യാത്ര തരപ്പെടുത്താൻ തീർച്ചയാക്കി. കാര്യസ്ഥൻ രാമൻ നായരെയും ഒപ്പം കൂട്ടി. ഓടിക്കിതച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴുണ്ട് ഒരു വണ്ടി പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. പിന്നെ അമാന്തിച്ചില്ല, അങ്ങടങ്ങ് കയറി ഒരു സീറ്റിലിരിക്കുകയും ചെയ്തു. കാഴ്ചകളും കണ്ട് നാലുംകൂട്ടി മുറുക്കി അങ്ങനെ രസിച്ചിരിക്കുമ്പോൾ വണ്ടി ഷൊർണൂരെത്തി. അടുത്തിരിക്കുന്ന ആളോട് കുശലം ചോദിക്കണമല്ലോ എന്നു കരുതി ‘എങ്ങോട്ടാ യാത്ര’ എന്നൊരു ചോദ്യം എറിയുകയും ചെയ്തു. താൻ തൃശൂർക്കാണെന്ന് അയാൾ പറഞ്ഞതുകേട്ടപ്പോൾ രാമനോടായി നമ്പൂതിരി ഇത്രയും പറഞ്ഞു: ‘ഭേഷായിരിക്ക്ണു, രാമാ. ഈ ശീമക്കാരന്റൊരു കണ്ടുപിടുത്തേ….തൃശൂർക്ക് പോണ്ടവനും കണ്ണൂർക്ക് പോണ്ടവനും ഒരേ വണ്ടിയിൽ കയറിയാൽ മതി. ഭേഷായിരിക്ക്ണു…..ഭേഷായിരിക്ക്ണു…..’ വണ്ടി മാറിക്കയറിയെന്ന വാസ്തവമറിഞ്ഞ രാമൻ നായർ അന്തംവിട്ട് നിന്നുപോയി. ഇത്തരം നമ്പൂതിരിഫലിതങ്ങളിലെ നായകനൊന്നുമല്ല യഥാർഥ നമ്പൂതിരി. സരസന്മാരാണെന്നതിനുപുറമെ, ബുദ്ധിസാമർഥ്യത്തിലും പാണ്ഡിത്യത്തിലും ഇക്കൂട്ടർ മുന്നിൽത്തന്നെ. കേരളം ഭരിച്ച ഒരുവിധം എല്ലാ രാജാക്കന്മാരുടെയും ചാണക്യന്മാരായിരുന്നു ഇക്കൂട്ടർ. സമ്പത്തും അധികാരവും ഒരുപോലെ ഇക്കൂട്ടർ കൈയാളിയിരുന്നു. നമ്പൂതിരിസമുദായത്തിൽ ജാതിയും ഉപജാതികളുമായി കുറെയേറെ വിഭാഗങ്ങൾ തന്നെയുണ്ട്. ഇത്രയുമൊക്കെ പറഞ്ഞത് എമ്പ്രാന്തിരിയും നമ്പൂതിരിയും ഒന്നാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയ ബ്രിട്ടീഷ് ഭരണാധികാരികളെക്കുറിച്ചുള്ള രേഖകൾ കണ്ടപ്പോഴാണ്.
എമ്പ്രാന്തിരിയും നമ്പൂതിരിയും ഒന്നാണെന്ന വാദവുമായി മലബാർ കലക്ടറുടെ മുന്നിലെത്തിയത് ചിറയ്ക്കൽ താലൂക്ക് കോറോം അംശത്തിൽ പെരിന്തണ്ണിയൂർ ദേശത്തെ നടുവിൽ മാങ്കുളം എന്ന മാത്തൂരില്ലത്തെ കൃഷ്ണൻ നമ്പൂതിരിപ്പാടാണ്. ഇദ്ദേഹവും 34 കൂട്ടാളികളും ശ്രീ രാഘവപുരം അമ്പലത്തിന്റെ ഊരാളന്മാരും അമ്പലട്രസ്റ്റിന്റെ അംഗങ്ങളുമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾതന്നെ കേൾക്കുക: ‘237 ഇല്ലങ്ങളിലെയും 14 ഗ്രാമങ്ങളിലെയും നമ്പൂതിരിമാരിൽ ഒരാളും പെരിന്തണ്ണിയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്ന ശ്രീ രാഘവപുരം അമ്പലത്തിന്റെ ഊരാളന്മാരും ട്രസ്റ്റി അംഗവുമായ ഞാൻ ബോധിപ്പിക്കുന്നത് എന്തെന്നാൽ, എന്റെ റവന്യൂ രേഖകളിൽ കാണിച്ചിട്ടുള്ള എമ്പ്രാന്തിരിയെന്ന നാമം നമ്പൂതിരിപ്പാട് എന്നാക്കി കിട്ടേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. എമ്പ്രാന്തിരിയെന്നത് ജോലിസംബന്ധമായ ഒരു സംബോധന മാത്രമാണ്. എന്നാൽ നമ്പൂതിരിയെന്നത് സ്ഥിരമായതും മലബാറിൽ മുഴുവനും ആദരിക്കപ്പെടുന്നതുമായ ഒരു നാമമാണ്. മലബാറിലെ ഒരുവിധം എല്ലാ മതങ്ങളിലും ജാതിയിലും പെട്ടവർക്കും ചില പട്ടങ്ങൾ (Titles) നിലവിലുണ്ട്. ചിലത് ജോലിസംബന്ധമായതും മറ്റു ചിലത് പരമ്പരാഗതമായി അവരുടെ ജാതിമതവിശ്വാസങ്ങൾക്കനുസരിച്ചുള്ളതും. ഇങ്ങനെ ബ്രാഹ്മണർക്ക് ജാതിപരമായും പരമ്പരാഗതമായും ലഭിക്കുന്ന പട്ടമാണ് നമ്പൂതിരി അല്ലെങ്കിൽ നമ്പൂതിരിപ്പാട് എന്നുള്ളത്. ജോലിസംബന്ധമായി കിട്ടുന്ന സംബോധനകൾ ഇത്തരം പട്ടങ്ങളെ ബാധിക്കില്ലെന്നറിയിക്കട്ടെ.. നമ്പൂതിരിയെന്ന ടൈറ്റിലുള്ള ഞാൻ അമ്പലത്തിൽ കർമങ്ങൾ ചെയ്യുന്നതിനാലാണ് എമ്പ്രാന്തിരിയെന്ന് വിളിക്കപ്പെട്ടത്. ഇപ്പോൾ എനിക്ക് അമ്പലത്തിൽ ജോലിയില്ല. ആയതിനാൽ റവന്യൂ രേഖകളിൽ എമ്പ്രാന്തിരിയെന്ന് പേരിനോടൊപ്പം എഴുതിയതുമാറ്റി നമ്പൂതിരിയെന്നാക്കിക്കിട്ടേണ്ടതാണ്. വെള്ളിയോട് ശംഭു നമ്പൂതിരിയുടെ അപേക്ഷ ഈ അടുത്തകാലത്ത് അങ്ങ് അനുവദിച്ചതായി മനസ്സിലാക്കുന്നു. എന്റെ ഈ അപേക്ഷ കൊണ്ട് പൊതുജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഖജനാവിന് നഷ്ടമുണ്ടാവില്ലെന്നുംകൂടി ബോധിപ്പിക്കട്ടെ.’
ഇക്കാര്യത്തിൽ കലക്ടർ ആദ്യം ചെയ്തത് റവന്യൂ ഇൻസ്പെക്ടറോട് ഒരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം കൊടുത്ത റിപ്പോർട്ട് ഇങ്ങനെ: ‘ഹരജിക്കാരന്റെ ജമപ്പേര് എമ്പ്രാന്തിരിയെന്നു മാത്രമാണ്. ചില എമ്പ്രാന്തിരിമാർ യാഗം മുതലായ കാര്യങ്ങൾ അധികം ദ്രവ്യം ചെലവുചെയ്ത് കഴിക്കുകയും അതിനാൽ നമ്പൂതിരിയെന്ന സ്ഥാനപ്പേര് സിദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്നറിയുന്നു. ഈ ഹരജിക്കാരൻ ആ വക സത്കർമങ്ങൾ നടത്തിയതായും അതുനിമിത്തം വൈദീകരന്മാർ മുഖേന അങ്ങനെയൊരു നാമധേയം സമ്പാദിച്ചതായും അറിയുന്നില്ല. എമ്പ്രാന്തിരിയെക്കാൾ സാന്നിധ്യവും ബഹുമാനവും നമ്പൂതിരിക്കാണെന്ന് നാട്ടുനടപ്പുകൊണ്ടും ആചാരനടപടികളെക്കൊണ്ടും ഈ നാട്ടിൽ കണ്ടുവരുന്നതുകൂടാതെ അതങ്ങനെത്തന്നെയെന്ന് ഹരജികൊണ്ടും സൂചിപ്പിക്കുന്നു. എന്നുമാത്രമല്ല, എമ്പ്രാന്തിരിയും നമ്പൂതിരിയും തമ്മിൽ മഹത്വംകൊണ്ട് ഭേദമില്ലെങ്കിൽ ഇങ്ങനെയൊരു പേരുമാറ്റം ചെയ്തുകിട്ടണമെന്ന് ഹരജിക്കാരൻ അപേക്ഷിക്കാനിടയില്ലാത്തതുമാകുന്നു. ഈ ഹരജിക്കാരനും മറ്റും സബ് കലക്ടർ കച്ചേരിയിൽ ബോധിപ്പിച്ച ഹരജി തള്ളിപ്പോവുകയും അതിന്മേൽ കൊടുത്ത അപ്പീലിൽ സബ് കലക്ടറുടെ വിധി ശരിവക്കുകയുമാണുണ്ടായത്. അതിനാൽ ഇത്തരമൊരു പേരുമാറ്റത്തിന് സംഗതി കാണുന്നില്ല.’ ഇതേ ആവശ്യമുന്നയിച്ച് പാലക്കീഴ് കേശവൻ വാദ്യാരും മറ്റ് 34 എമ്പ്രാന്തിരിമാരും കൊടുത്ത ഹരജിയും തള്ളുകയാണുണ്ടായത്. 1883 ഡിസംബർ 22നാണ് ഈ ഹരജി കൊടുത്തുകാണുന്നത്. അവരും ശ്രീ രാഘവപുരം ക്ഷേത്രത്തിലെ ഊരാളന്മാരും ട്രസ്റ്റ് അംഗങ്ങളുമായിരുന്നു. 1884 മെയ് മൂന്നാം തീയതി ബോർഡ് ഓഫ് റവന്യൂവിലും ഇവർ ഹരജി കൊടുത്തതായി കാണുന്നു. ബോർഡ് ഇക്കാര്യത്തിൽ ഇടപെടാൻ വിസമ്മതിക്കുകയാണുണ്ടായത്.
കൃഷ്ണൻ നമ്പൂതിരി നിരാശനായില്ല. 1887 ഫിബ്രവരി ഒന്നിന് കലക്ടറായിരുന്ന ലോഗന് ഇങ്ങനെയൊരു നോട്ടീസ് അയച്ചതായി കാണാം. ‘ബഹുമാനപ്പെട്ട മലയാം കലക്ടർ അവർകളുടെ സമക്ഷത്തിങ്കലേക്ക് ചിറക്കൽ താലൂക്ക്, കോറോം അംശം പെരിന്തണ്ണിയൂർ ദേശത്ത് നടുവിൽ മാങ്കുളമെന്ന മാത്തൂരില്ലത്തെ കൃഷ്ണൻ നമ്പൂതിരിപ്പാടെഴുതിയത്. പ്രതിഫലം വാങ്ങി ക്ഷേത്രങ്ങളിൽ ശാന്തിപ്രവൃത്തി ചെയ്തിരുന്നതുനിമിത്തം നമുക്ക് പറയപ്പെട്ടതായ എമ്പ്രാന്തിരിയെന്ന പേര് നമ്മുടെ വക ജമപ്പട്ടങ്ങളിൽ ചേർത്തുവന്നിട്ടുള്ളത് മാറ്റി യഥാർഥത്തിൽ നമുക്കുള്ളതായ നമ്പൂതിരിപ്പാട് എന്ന ജാതിയുടെ പേര് ചേർത്തേണ്ടതിന് എത്രയും ന്യായമായും വളരെ ഘനമായും ഉള്ള അധികസംഗതികളോട് 1885 മാർച്ച് 31നും 1886 ഫിബ്രവരി 22നും ബോധിപ്പിച്ച ഹരജികൾക്ക് ന്യായമായൊരു മർവടി കിട്ടേണ്ടതിലേക്ക് മാത്രമായി 1886 ഏപ്രിൽ 27ന് മേപ്പടി സമക്ഷത്തിങ്കലേക്ക് ബോധിപ്പിച്ച ഹരജിക്കും കൂടിയുണ്ടായ മർവടി ധർമശാസ്ത്രങ്ങൾക്കും നടപടികൾക്കും വിരോധമായി കാണുകയാൽ നമുക്കും നമ്മുടെ ഹരജിയിൽ പ്രസ്താവിച്ച സംഘത്തിലുള്ളവർക്കും വലുതായ അപമാനങ്ങൾക്കും സങ്കടങ്ങൾക്കും കാരണമായി വന്നിരിക്കുന്നു. മേൽ പ്രസ്താവിച്ച ഹരജികളിലെ സംഗതികളും മലയാള നടപടികളും ഒട്ടുംതന്നെ ആലോചിക്കാതെ കല്പിച്ചിട്ടുള്ള മർവടി വളരെ തെറ്റായിപ്പോയിരിക്കുന്നു. ധർമശാസ്ത്രജ്ഞനായി, സർവജനമാന്യനായി, വിശേഷാൽ മലയാളത്തിലെ ശാസ്ത്രങ്ങളും നടപടികളും നല്ലവണ്ണം നിശ്ചയമുള്ള മലയാം കലക്ടർ ലോഗൻ സായ്വ് യശമാനൻ അവർകൾതന്നെ ഇക്കാര്യത്തിൽ ആലോചിച്ച് ഒരു മറുപടി കല്പിച്ചാൽ നമ്മുടെ സങ്കടനിവൃത്തി വരുന്നതായിരുന്നു. ഇന്നുമുതൽ15 ദിവസം കഴിയുന്നിടത്ത് വ്യവഹാരം കൊടുക്കുമെന്നും ഇക്കാര്യ സംബന്ധമായി നമുക്ക് സംഭവിക്കുന്ന എല്ലാ നഷ്ടത്തിനും താങ്കൾ ഉത്തരവാദിയായിരിക്കുമെന്നും ഇതിനാൽ അറിയിക്കുന്നു.’
എന്നാൽ മലബാർ കലക്ടർ ലോഗന് എമ്പ്രാന്തിരിയും നമ്പൂതിരിയും ഒന്നാണ് എന്ന അഭിപ്രായമുണ്ടായിരുന്നില്ല. മലബാർ മാന്വലിൽ അദ്ദേഹം ഇങ്ങനെയെഴുതിയതായി കാണാം: ‘ശുദ്ധ നമ്പൂതിരിബ്രാഹ്മണർക്കുപുറമെ ഒട്ടേറെ താഴ്ന്ന ജാതി ബ്രാഹ്മണരുടെ ഉപവിഭാഗങ്ങൾകൂടിയുണ്ട്. നമ്പിടി, എളേത്, എമ്പ്രാന്തിരി എന്നീ പേരുകളിൽ. കാലം വളരെ പിന്നിട്ടശേഷമാണ് നമ്പൂതിരിയെന്ന പേര് ആർജിക്കുവാനോ അല്ലെങ്കിൽ ആ പേരിന് തങ്ങളും അർഹരാണെന്ന് സ്വയം സ്ഥാപിക്കാനോ അവർക്ക് സാധിച്ചത്.’
(ടി ബി സെലുരാജ് എഴുതിയ ‘ഇന്നലെകളിലെ കോഴിക്കോട്’ പുസ്തകത്തിൽനിന്ന്)