കക്കയം ഡാം: ഗേറ്റുകൾ തുറന്ന നിലയിൽ; ജലനിരപ്പ് 757.67 മീറ്റർ

കോഴിക്കോട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിൽ റെഡ് അലർട്ട് തുടരുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ തുറന്ന രണ്ട് സ്പിൽവേ ഗേറ്റുകളും നിലവിൽ 0.25 അടി വീതം തുറന്ന നിലയിലാണ്. ഇന്ന് (ആഗസ്റ്റ് മൂന്ന്) രാവിലെ ഏഴ് മണിക്ക് ജലനിരപ്പ് 757.67 മീറ്റർ (2485.8 അടി) ആണ്. ജലസംഭരണിയുടെ പൂർണ സംഭരണനിരപ്പ് (FRL) 758.05 മീറ്ററാണ്. നിലവിൽ 33.0672 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് സംഭരണിയിലുള്ളത്. ഇത് സംഭരണശേഷിയുടെ 97.31 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 5.9241 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തിയപ്പോൾ 0.4793 ദശലക്ഷം ഘനമീറ്റർ വെള്ളം സ്പിൽവേ വഴി പുറത്തുവിട്ടു. വൈദ്യുതി ഉൽപ്പാദനത്തിനായി 3.3123 ദശലക്ഷം ഘനമീറ്റർ വെള്ളം ഉപയോഗിച്ചു. 4.6831 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചു.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ജലനിരപ്പ് 756.21 മീറ്ററും സംഭരണം 29.4097 ദശലക്ഷം ഘനമീറ്റർ (86.55 ശതമാനം) ആയിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ കക്കയം മേഖലയിൽ 104 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ജൂൺ ഒന്നു മുതൽ ഇതുവരെ ആകെ 2990 മില്ലിമീറ്റർ മഴ ലഭിച്ചു.

ബാണാസുരയിൽ നിന്നുള്ള കൺട്രോൾ ഷാഫ്റ്റ് ഗേറ്റ് ജൂൺ 29 രാവിലെ 11.15 മുതൽ പൂർണമായും അടച്ച നിലയിലാണ്.