പച്ച ചതുരത്തിലെ പന്തുകൾ

ഗ്രീന

വെളുത്ത വരകൾ തീർത്ത
ആ പച്ച ചതുരത്തിനകം
വെറുമൊരു കളിസ്ഥലമല്ല,
എന്റെ ഏകാന്തത നിറഞ്ഞ
ഒരു നെടും കോട്ടയാണ്.

മുന്നിൽ പതിനൊന്നു പേരുടെ പടയോട്ടം നടക്കുമ്പോൾ,
പിന്നിൽ, വലക്കണ്ണികൾക്കപ്പുറം,
ഞാൻ മുഖാമുഖം നിൽക്കുന്നത്
എന്നെ തുരന്നെടുക്കുന്ന 
ഭയങ്ങളെയാണ്.

അവർ ആർത്തുവിളിക്കുന്നുണ്ട്,
എന്റെ പേര് ചൊല്ലി.
അവർ
ശാപവാക്കുകളെറിയുന്നത്  എൻ്റെ നേരേ…
ഞാനാകട്ടെ,
ഈ കോട്ടയ്ക്കുള്ളിൽ ഒറ്റയ്ക്കാണ്.

ഓരോ പന്തും
എന്നെത്തേടി വരുന്നത്
ഇരുട്ടിൽ നിന്ന് പാഞ്ഞുവരുന്നൊരു
ചോദ്യമായാണ്.

ജീവിതം
ഗോൾ പോസ്റ്റിലേക്കെന്ന വണ്ണം
എന്റെ നെഞ്ചിലേക്ക് തൊടുത്തുവിടുന്ന പന്തുകൾ
പരാജയങ്ങളുടെയും പരീക്ഷണങ്ങളുടെയും
മുറിപ്പാടുകൾ മാത്രം.

വീഴുമെന്നറിഞ്ഞിട്ടും
വായുവിൽ ഉയർന്നു ചാടണം.
മുറിവേൽക്കുമെന്നറിഞ്ഞിട്ടും
ആ മുൾപ്പന്തിനെ പിടികൂടി നെഞ്ചോട് ചേർക്കണം.

ഞാൻ കൈവിട്ടാൽ വ്യർത്ഥമാകുന്നത്
വെറുമൊരു കളിയല്ല—
എൻ്റെ ജന്മനിയോഗത്തിൻ്റെ,
വിധിയെഴുത്താണ്.

ഞാൻ നെഞ്ചു തുളഞ്ഞു
രക്ഷിച്ച നൂറു നൂറു പന്തുകൾ വിസ്മൃതിയിലാണ്ടു പോകുമ്പോൾ,
കൈവിട്ടുപോകുന്ന
ഒരു ഗോളാകാം
എൻ്റെ ജന്മത്തെ ശാപഗ്രസ്തമാക്കുക.

എല്ലാവരും
ഗോളടിക്കുന്നവന്റെ  ആനന്ദം തിരയുമ്പോൾ,
ഞാൻ കാത്തിരിക്കുന്നത്
അപ്രതീക്ഷിത ആഘാതത്തെ
തടുക്കാനുള്ള വഴികളാണ്.

നിശ്ശബ്ദമായി,
ആരും കേൾക്കാത്ത ഇടിമുഴക്കങ്ങളെ
ഉള്ളിലൊതുക്കി…
ഒരു പന്തായി ഉരുളുന്നു ഞാൻ.

ഒടുവിൽ,
വിളക്കുകൾ അണയുമ്പോൾ,
ആരവങ്ങൾ ഒടുങ്ങി
മൈതാനം ശൂന്യമാകുമ്പോൾ,
എനിക്കറിയാം
ഈ ജീവിതം….
വേദനയാർത്ത്…
ഇരുട്ടിൽ
കുത്തനെ നിർത്തിയ
ഒരു ഗോൾപോസ്റ്റായി
എല്ലാ ദുരന്തവും പേറാനായി
വലയനക്കത്തിനായി
കാത്തിരിക്കുന്നു.

അദൃശ്യമായ പന്തുകൾ പാഞ്ഞുവരുന്ന
ഈ മൈതാനത്ത്,
ഓരോ ദിവസവും വീണും എഴുന്നേറ്റും,
ഓരോ മുറിവും നെഞ്ചിലേറ്റിയും, റഫറിയുടെ
അവസാന വിസിൽ
മുഴങ്ങും വരെ
ഞാൻ കാക്കേണ്ടത്
ഒരു വലയല്ല—
മറിച്ച്
ഇരുട്ടിൽ
ആണ്ടുപോകാതിരിക്കാൻ
തൂവെള്ളി വെളിച്ചം തൂകുന്ന
എന്റെ ആത്മാവിനെയാണ്!

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000