മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം  ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി രൂപീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ പുറത്തിറക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പരാതികളിലും മറ്റു മാധ്യമ സംബന്ധിയായ കാര്യങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങാണ് സമിതിയുടെ ചെയര്‍മാന്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം ആണ് കണ്‍വീനര്‍. ഇന്‍ഫര്‍മേഷന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി മണിലാല്‍, ജില്ലാ നിയമ ഓഫീസര്‍ സി കെ ഫൈസല്‍, കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ്, ഐ ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ എന്‍ എസ് അജിഷ എന്നിവര്‍ അംഗങ്ങളുമാണ്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നിശ്ചയിക്കുന്ന ദിവസം വരെ സമിതി പ്രവര്‍ത്തിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്ന സമിതി, ആവശ്യമെങ്കില്‍ തുടര്‍നടപടികള്‍ക്കുള്ള ശിപാര്‍ശ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിക്കും.