മാനുഷിക മൂല്യങ്ങളുടെ പ്രകാശമായി ജീവിച്ച നേതാവാണ് വി എസ്:ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ

കോഴിക്കോട്: നമുക്കേവർക്കും പ്രിയങ്കരനായ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ കോഴിക്കോട് അതിരൂപതയുടെയും കേരള ലത്തീൻ സഭയുടെയും ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ. വിശ്വസിച്ച പഠനങ്ങളിൽ ബോധ്യത്തോടുകൂടി ജീവിക്കുകയും,  സുതാര്യതയോടെ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് പ്രസ്ഥാനങ്ങളെ നയിക്കുകയും ചെയ്ത ഒരു നല്ല നേതാവായിരുന്നു അദ്ദേഹം.  

എല്ലാവരോടും മനുഷ്യത്വത്തോട് കൂടി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ ജീവിതം ഏവർക്കും  പ്രിയപ്പെട്ടതായിരുന്നു.   സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്കും പ്രത്യേകിച്ച് അനീതി നേരിടുന്നവർക്ക് സത്യത്തിന്റെ മുഖമായി,  കാവലായി ആശ്വാസമായി അദ്ദേഹം ജീവിച്ചു.  അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രസ്താവനകളും  ജീവിച്ച വഴികളെല്ലാം ഏവർക്കും മാതൃകാപരവുമാണ്. ചിട്ടയായ ജീവിതശൈലിയും ഉറച്ച ബോധ്യങ്ങളും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ഈ നല്ല നേതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങൾക്കും മറ്റെല്ലാവർക്കും അനുശോചനവും അർപ്പിക്കുന്നുവെന്നും ബിഷപ് പറഞ്ഞു.