കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ആരംഭിച്ച കോളേജ് പ്രൊഫഷണൽ സ്പോർട്സ് ലീഗ് (സി എസ് എൽ) 2025-ന്റെ ആദ്യദിനത്തിൽ ഏകപക്ഷീയ വിജയവുമായി മഹാരാജാസ് സ്ട്രൈക്കേഴ്സും എസ് കെസിയൻസും. എസ് കെ സിയൻസ് കുസാറ്റിയൻസിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്തപ്പോൾ മഹാരാജാസ് സ്ട്രൈക്കേഴ്സ് ഡയനാമോസ് തിരുവനന്തപുരത്തെ 7-1-നാണ് തറപറ്റിച്ചത്.
മഹാരാജാസ് സ്ട്രൈക്കേഴ്‌സിനായി മുഹമ്മദ് റോഷൻ (2), ഹിജാസ് (2) അക്ഷയ് കെ ജെ, അമീൻ എം മുഹമ്മദ്, നവീൻ എന്നിവർ ഗോളുകൾ നേടി. ഡയനാമോസിന്റെ ഏകഗോൾ അരവിന്ദിന്റെ വകയായിരുന്നു. മുഹമ്മദ് റോഷനാണ് പ്ലെയർ ഓഫ് ദി മാച്ച്. എസ് കെസിയൻസിനായി പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് വിജയി അഫ്സൽ ഹാട്രിക് നേടിയപ്പോൾ നിഹാൽ (2) മിഥുൻ കൃഷ്ണ, ഷറാഫത്ത് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.
മറ്റ് മത്സരങ്ങളിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി കോതമംഗലം എതിരില്ലാത്ത 5 ഗോളുകൾക്ക് എസ് എൻ സി കെ ഫുട്ബോളിനെ തകർത്തപ്പോൾ എംഇഎസ് കെ വി എം സോക്കർ 2-1-ന് നിർമ്മല എറിയോണിനെ തോൽപ്പിച്ചു.
മാർ അത്തനേഷ്യസിനായി പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ട അൽഫാസ് ഹാട്രിക് നേടിയപ്പോൾ ഫാരിസ് അലിയാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്. എംഇഎസ് കെ വി എം സോക്കറിന്റെ 2 ഗോളുകളും അജയ് നേടിയപ്പോൾ നിർമ്മല ഏറിയോണിന്റെ ആശ്വാസ ഗോൾ ഹുസൈന്റെ ബൂട്ടിൽ നിന്നാണ് പിറന്നത്. മത്സരത്തിൽ അജയിനെ പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ സ്പ്രിങ്ബോക്സ് പി എൻ ആർ സി എതിരില്ലാത്ത നാല് ഗോളുകൾക്ക് വർമ്മൻസ് എസ് കെ വിസിയെ പരാജയപ്പെടുത്തി. അദ്വൈത്, അശ്വിൻ, നിരഞ്ജൻ എന്നിവരാണ് ഗോളുകൾ നേടിയത്. അദ്വൈതാണ് പ്ലെയർ ഓഫ് ദി മാച്ച്. ഡിയാഗോ സ്പോർട്സ് യു സി തിരുവനന്തപുരം 1-0-ത്തിന് ശങ്കര സ്ട്രൈക്കേഴ്സിനെ തോൽപിച്ചു. പ്ലെയർ ഓഫ് ദി മാച്ചായ അബിനാണ് ഏക ഗോൾ നേടിയത്.
ബെസെൽ ബോയ്സും സമോറിൻസ് ഇസഡ് ജി സി കോഴിക്കോടും തമ്മിലുള്ള മത്സരവും എസ് എൻ വാരിയേഴ്സും സേവിയേഴ്സ് ഫൈറ്റേഴ്സും തമ്മിലുള്ള മത്സരവും സമനിലയിൽ അവസാനിച്ചു. നാലു ടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയത്. ബെസെൽ ബോയ്സിനായി നവീൻ, അജിത്ത് എന്നിവർ ഗോളുകൾ നേടിയപ്പോൾ സമോറിൻസിനായി നിഹാലും അതുൽ കൃഷ്ണയും ഗോളുകൾ മടക്കി. അതുൽ കൃഷ്ണയാണ് പ്ലേയർ ഓഫ് ദി മാച്ച്. എസ് എൻ വാരിയേഴ്സിനായി ആകാശും ഭരജിത്തും വല കുലുക്കിയപ്പോൾ സേവിയേഴ്സിനായി സഫിൻ, ജിത്തു എന്നിവരുടെ ബൂട്ടുകളാണ് മറുപടി നൽകിയത്.
സി എസ് എൽ ഫുട്ബോൾ: വിജയവുമായി മഹാരാജാസ് സ്‌ട്രൈക്കേഴ്‌സ്, എസ് കെ സിയൻസ്, മാർ അത്തനേഷ്യസ്

