നടി പദ്മപ്രിയ ഒക്ടോ. 1ന് മടപ്പള്ളി കോളേജിൽ

കോഴിക്കോട്: മൂന്നാമത് എം ആർ നാരായണ കുറുപ്പ് സ്മാരക പ്രഭാഷണം നിർവഹിക്കുന്നതിനായി പ്രശസ്ത സിനിമാ നടിയും ഡബ്ല്യുസിസിയുടെ സ്ഥാപകരിൽ ഒരാളുമായ പദ്മപ്രിയ ഒക്ടോബർ ഒന്നിന് മടപ്പള്ളി ഗവണ്മെന്റ് കോളേജിൽ എത്തും.

മലയാള സിനിമാരംഗത്ത് നിലനിൽക്കുന്ന ലിംഗ വിവേചനത്തെയും, ലൈംഗിക ചൂഷണത്തെയും സംബന്ധിച്ച് കണ്ടെത്തലുകൾ നടത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ, Re-telling the Tale through the frame of Equity and Justice (അതെ കഥകൾ, സമതയുടെയും നീതിയുടെയും പുതുനോട്ടപ്പാടിൽ) എന്ന വിഷയത്തെ അധികരിച്ച് പദ്മപ്രിയ സംസാരിക്കും. തുടർന്ന്ചോദ്യോത്തരവേള കൂടി ഉണ്ടായിരിക്കും

ഉച്ചയ്ക്ക് ശേഷം 1.30 ന് എഡ്യുസാറ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം.

സ്വാതന്ത്ര്യ സമര സേനാനിയും മടപ്പള്ളി കോളേജ് സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത ഒഞ്ചിയം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് കൂടിയായ എം ആർ നാരായണക്കുറുപ്പിന്റെ സ്മരണാർത്ഥം നടക്കുന്ന വാർഷിക പ്രഭാഷണ പരമ്പരയിലെ മൂന്നാമത്തെ പ്രഭാഷണമാണിത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ മുഖ്യവേഷത്തിൽ അഭിനയിച്ച  സിനിമാനടിയാണ് പദ്മപ്രിയ. പ്രസിഡന്റിന്റെ മെഡൽ, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡുകൾ, ഫിലിം ക്രിട്ടിക്സ് അവാർഡുകൾ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ  പദ്മപ്രിയയെ തേടിയെത്തിയിട്ടുണ്ട്. വെനീസ്, റോട്ടർഡാം, ടൊറേന്റോ ഉൾപ്പെടെയുള്ള നിരവധി വിഖ്യാത ചലച്ചിത്രമേളകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.  . ചലച്ചിത്ര രംഗത്ത്, ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങളെ ബഹുജന സമക്ഷത്തിലേക്ക് കൊണ്ടുവരാനും, നയപരമായ ഇടപെടലുകളിലൂടെ അവയ്ക്ക് പരിഹാരം കാണാനും കൂടി ശ്രമിക്കുന്ന ഡബ്ല്യുസിസി സ്ഥാപിക്കുന്നതിൽ പദ്മപ്രിയ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ചലച്ചിത്ര-നാടകപ്രവർത്തകരുടെ കൂട്ടായ്മയായ ബ്ലൂ ഓഷ്യൻ എന്ന തിയേറ്റർഗ്രൂപ്പ് സാർത്ഥകമാക്കുന്നതിലും പദ്മപ്രിയ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ ഭാഷകളിലെ സ്ത്രീ-കേന്ദ്രിതമായ കഥകൾ അരങ്ങിൽ കൊടുവരുന്നതിനായുള്ള കളക്ടീവ് ക്രൂ എന്ന മാധ്യമ സ്റ്റാർട്ടപ്പിന്റെ ഡയറക്ടറായാണ് പദ്മപ്രിയ ഇപ്പോൾ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *