സമുദ്ര ജൈവവൈവിധ്യ സംരക്ഷണം: ശില്പശാല സംഘടിപ്പിച്ചു
കോഴിക്കോട്: സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രി ഉത്തരമേഖലയുടെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടന്ന ഏകദിന ശില്പശാല അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഹോട്ടല്‍ പാരമൗണ്ട് ടവറില്‍ നടന്ന ശില്പശാലയില് കോര്പ്പറേഷന് ടൗണ്‍ പ്ലാനിങ്ങ് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. കോഴിക്കോട് സോഷ്യല്‍ ഫോറസ്റ്റ്ട്രി ഉത്തരമേഖല കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് ആര് കീര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി.
സമുദ്ര ആവാസ വ്യവസ്ഥ, കണ്ടല്‍ക്കാടുകളുടെ ജൈവഘടന, തിമിംഗല സംരക്ഷണം, സംരക്ഷിത സമുദ്രജീവികളുടെ നിയമവിരുദ്ധ കടത്ത് തടയല്‍ എന്നീ വിഷയങ്ങളിലാണ് ബോധവത്കരണ ക്ലാസ് നടന്നത്. ഫോറസ്റ്റ്, ഫിഷറീസ്, സിഎംഎഫ്ആര്‍ഐ, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലിസ് പ്രതിനിധികള്‍ ശില്പശാലയില് പങ്കെടുത്തു.
വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ മറൈന്‍ പ്രൊജക്ട് കോ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സാജന് ജോണ്‍, ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് അസിസ്റ്റന്റ് ഡയരക്ടര്‍ സുനീര്‍ വി, സിഎംഎഫ്ആര്‍ഐ അധ്യക്ഷ ഡോ. സി അനുലക്ഷ്മി, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന് തുടങ്ങിയവര്‍ സംസാരിച്ചു. സോഷ്യല്‍ ഫോറസ്റ്റ്ട്രി എക്സ്സ്റ്റെന്‍ഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് എ. പി. ഇംതിയാസ് സ്വാഗതവും അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് സോഷ്യല്‍ ഫോറസ്റ്റ്ട്രി സത്യപ്രഭ നന്ദിയുംപറഞ്ഞു.
ചടങ്ങില്‍ കോഴിക്കോട് എലത്തൂര്‍ കാട്ടില്‍പീടിക കണ്ണന്‍കടവ് ഭാഗത്ത് ജീവനോടെ കരയ്ക്കടിഞ്ഞ പൈലറ്റ് തിമിംഗലത്തെ രക്ഷപ്പെടുത്തി തിരികെ കടലിലേക്ക് അയച്ച രക്ഷാപ്രവര്‍ത്തകരെ സോഷ്യല്‍ ഫോറസ്ട്രി ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.