പുതുമോടിയിൽ വഴിയോരം

കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രത്തിൻ്റെയും ഓപ്പൺ സ്റ്റേജിൻ്റെയും ഉദ്ഘാടനം 14ന് മന്ത്രി എം ബി രാജേഷ് നിർവഹിക്കും

കോഴിക്കോട്: കൊയിലാണ്ടി പട്ടണത്തിലെ  തിരക്കേറിയ ഫുട്പാത്ത് ഇനി പുതുമോടിയിലാണ്; ഒപ്പം വഴിയോര കച്ചവടക്കാരും. ദേശീയപാതയിൽ നിന്നും പട്ടണഹൃദയ ഭാഗമായ ബസ് സ്റ്റാന്റിലേക്ക്  കയറുന്ന ഫുട്പാത്തിന് ചേർന്നു കൊണ്ടാണ്  കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക, ക്ഷേമം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെ 15 വർഷത്തിലേറെയായി കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാൻസ്റ്റിലെ ഫുട്പാത്തിലും പരിസരത്തും കച്ചവടം ചെയ്തിരുന്ന 40 ഓളം വഴിയോര കച്ചവടക്കാരെയാണ്  ഇവിടെ പുനരധിവസിപ്പിച്ചത്.

കുടുംബശ്രീ എൻയുഎൽഎം പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ എട്ട് ലക്ഷം രൂപ നഗരസഭ ഫണ്ട് ഉപയോഗപ്പെടുത്തി ടൈൽ വിരിക്കുകയും  ഹാന്റ് റയിൽ എന്നിവ നിർമ്മിച്ച് വഴിയോര കച്ചവട കേന്ദ്രം സൗന്ദര്യവത്കരിച്ചിട്ടുമുണ്ട്.

തീർത്തും അസംഘടിതമായ രീതിയിൽ കച്ചവടം ചെയ്തിരുന്ന കച്ചവടക്കാരെ വഴിയോര കച്ചവട നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ക്രമീകരിച്ച് അവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യമാണ് നഗരസഭ പൂർത്തീകരിച്ചത്. കച്ചവടക്കാർ നിലവിൽ കച്ചവടം ചെയ്യുന്ന സ്ഥലം തന്നെ പുനരധിവാസത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. പട്ടണത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വഴിയോര കച്ചവടക്കാരെയും ഇത്തരത്തിൽ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികൾ നഗരസഭ  ആസൂത്രണം ചെയ്യുന്നുണ്ട്.

നഗരസഭയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾക്കായി  പൊതു ഇടം ഒരുക്കുക എന്ന ലക്ഷ്യത്തിൽ    ഓപ്പൺ സ്റ്റേജും നിർമ്മിച്ചിരിക്കയാണ്. 12 ലക്ഷം രൂപ ചെലവിലാണ്  ബസ്റ്റാൻഡിനു സമീപം ഓപ്പൺ സ്റ്റേജ് ഒരുക്കിയിട്ടുള്ളത്.

വഴിയോര കച്ചവട കേന്ദ്രത്തിന്റെയും (സ്ട്രീറ്റ് വെന്റിഗ് മാർക്കറ്റ്) ഓപ്പൺ സ്റ്റേജിന്റെയും ഉദ്ഘാടനം ഫെബ്രുവരി 14 ന്  വൈകിട്ട് മൂന്ന് മണിക്ക്  തദ്ദേശ    മന്ത്രി എം ബി രാജേഷ് നിർവഹിക്കും. ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *