സ്വിച്ച് ഓണ്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025-ന്റെ ഭാഗമായുള്ള ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ ആഗസ്റ്റ് 31 ന് രാത്രി ഏഴിന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മാനാഞ്ചിറ കേന്ദ്രീകരിച്ചാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കോര്‍പറേഷന്റെയും ആഭിമുഖ്യത്തില്‍ നഗരത്തില്‍ ദീപാലങ്കാരമൊരുക്കുന്നത്. ഇതിന് പുറമെ സിഎസ്ഐ പള്ളി, എസ്എം സ്ട്രീറ്റ്, കോഴിക്കോട് ബീച്ച്, ഓള്‍ഡ് കോര്‍പ്പറേഷന്‍ കെട്ടിടം, ടൗണ്‍ഹാള്‍, ബേപ്പൂര്‍, മാങ്കാവ്, മാവൂര്‍ റോഡ്, പാളയം, കുറ്റിച്ചിറ, തളി, കടപ്പുറവും മിഠായി തെരുവുമടക്കം പ്രധാന കേന്ദ്രങ്ങളുമെല്ലാം ദീപവലയത്തിലാകും. പ്രധാനയിടങ്ങളില്‍ തീമാറ്റിക് ഡിസൈനിലാകും ദീപാലങ്കാരം ഒരുക്കുക. സെപ്തംബര്‍ ഏഴുവരെ ദീപഭംഗി ആസ്വദിക്കാന്‍ അവസരമുണ്ടാകും.
ആദ്യമായി ഇന്‍ക്ലൂസീവ് പൂക്കളവും
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കളമത്സരം ആഗസ്റ്റ് 31-ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളിലായി നടക്കും. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന പൂക്കള മത്സരത്തില്‍ ഭിന്നശേഷി കുട്ടികളും പങ്കാളികളാവും. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന ഇന്‍ക്ലൂസിവ് പൂക്കള മത്സരത്തില്‍ ടീമിലെ അഞ്ചുപേരില്‍ രണ്ടുപേരെങ്കിലും ഭിന്നശേഷി കുട്ടികളായിരിക്കും. ജില്ലയില്‍ നിന്നും 15 ടീമുകള്‍ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടക്കാവ് ഈസ്റ്റ് ഗവണ്‍മെന്റ് യുപി സ്‌കൂളിലാണ് ഇംക്ലൂസീവ് പൂക്കളത്തിന് വേദിയൊരുക്കിയിട്ടുള്ളത്.
രാവിലെ 9.30 മുതല്‍ 12.30 വരെയാണ്മത്സരം. മത്സരത്തില്‍ ജില്ലാതലത്തില്‍ വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ആദ്യ മൂന്നു മെഗാ പ്രൈസിനു പുറമെ ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്നവര്‍ക്ക് 10,000 രൂപ വീതം സമ്മാനവും ലഭിക്കും.
കോഴിക്കോട് ദീപാലംകൃതമാകും

