കേരളത്തിലെ ആദ്യ ദീപാലംകൃത പാലം ഫറോക്കിൽ

കോഴിക്കോട്: വിദേശരാജ്യങ്ങളുടെ മാതൃകയിൽ പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിയുടെ തുടക്കം ഫറോക്ക് പഴയ പാലത്തിൽ നിന്നുമായിരിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫറോക്ക് പഴയപാലം ദീപാലംകൃതമാക്കി അലങ്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി പാലം സന്ദർശിക്കുകയായിരുന്നു മന്ത്രി. കേരളജനതക്കുള്ള പുതുവത്സര സമ്മാനമായിരിക്കും ഇത്. പാലത്തിന്റെ ദീപാലങ്കാര പ്രവൃത്തികളും അനുബന്ധ പ്രവൃത്തികളും പൂർത്തിയാക്കി ജനുവരി 14 ന് വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും. പാലത്തിന്റെ ദീപാലങ്കാര ഉദ്ഘാടനം ജനകീയ ഉത്സവമാക്കും.

പാലത്തിനോട് ചേർന്നുള്ള കോർപ്പറേഷന്റെ അധീനതയിലുള്ള പാർക്ക് നവീകരിച്ച് ഇരിപ്പിടങ്ങളും മിനി സ്‌റ്റേജ്, കഫ്റ്റീരിയ ഉൾപ്പെടെ സജ്ജീകരിക്കും. പഴയ പാലത്തിന്റെ ദീപാലംകൃതമായ കാഴ്ചയും ചാലിയാറിന്റെ മനോഹാരിതയും സന്ദർശകർക്ക് ഒപ്പിയെടുക്കാൻ കഴിയുന്ന തരത്തിൽ പാലത്തിനോട് ചേർന്ന് സെൽഫി പോയിന്റ്‌ ഒരുക്കുന്നുണ്ട്. കേരളത്തിന്റെ ടൂറിസം രംഗത്തെ അത്ഭുതകരമായ കാഴ്ചയായിരിക്കും ഇനി ഫറോക്ക് പഴയ പാലത്തിന് സമീപം കാണാൻ സാധിക്കുക. ചാലിയാറിന്റെ ജല ടൂറിസത്തിന് പ്രാധാന്യം നൽകി ഇതിന് സമീപത്തായി ഫ്ലോട്ടിംഗ് ജെട്ടിയും നിർമ്മിക്കുന്നുണ്ട്. കോർപറേഷൻ ജനപ്രതിനിധി, ജില്ലാ കലക്ടർ, ഡിടിപിസി സെക്രട്ടറി, കോർപ്പറേഷൻ സെക്രട്ടറി എന്നിവർ അംഗങ്ങളായി പദ്ധതിയുടെ സ്ഥിരമായ നടത്തിപ്പും പ്രവർത്തനവുമായി ബന്ധപ്പെട്ട് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും. പാർക്കിൽ ശുചീകരണ തൊഴിലാളികളെയും സെക്യൂരിറ്റിയെയും നിയമിക്കും.

കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പിസി രാജൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, കെടിഐഎല്‍ ചെയര്‍മാന്‍ എസ്‌ കെ സജീഷ്, പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനീയർ മുഹമ്മദ്‌ മുന്നാസ്, ബേപ്പൂർ മണ്ഡലം വികസന സമിതി ചെയർമാൻ എം ഗിരീഷ്, നമ്മൾ ബേപ്പൂർ പ്രതിനിധി രാധാ ഗോപി, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *