ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ആവേശമുയർത്താൻ കലാപരിപാടികളും

കോഴിക്കോട്: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദിയിൽ ആവേശത്തിരയുയർത്താൻ കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരുടെ നിരയും. ഡിസംബർ 26 മുതൽ 29 വരെ ബേപ്പൂരിന്റെ സായാഹ്നങ്ങളെ മനോഹരമാക്കാൻ വിവിധ കലാപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഡിസംബർ 26ന് ഘോഷയാത്രയോടുകൂടി കലാപരിപാടികൾക്ക് തുടക്കമാകും. വൈകുന്നേരം 6 ന് ബേപ്പൂർ ബീച്ചിൽ ഉദ്ഘാടന ചടങ്ങും ഹരിചരണിന്റെ സംഗീത പരിപാടിയും അരങ്ങേറും. ചാലിയം ബീച്ചിൽ എ ആർ റഹ്മാൻ ഹിറ്റ്സുമായി തേജ് മെർവിനും അൻവർ സാദത്തും എത്തും. നല്ലൂരിൽ വയലി ബാംബൂ മ്യൂസിക് അരങ്ങേറും.

ഡിസംബർ 27ന് നേവൽ ബാൻഡ് ഷോ, സിദ്ധാർത്ഥ് മേനോൻ, നിത്യ മാമൻ തുടങ്ങിയവരുടെ സംഗീത പരിപാടി ബേപ്പൂരിലും നിഷാദ്, മൃദുല വാരിയർ തുടങ്ങിയവർ പങ്കെടുക്കുന്ന സംഗീത പരിപാടി ചാലിയത്തും നടക്കും. നല്ലൂരിൽ ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി അരങ്ങേറും.

28ന് ബേപ്പൂർ ബീച്ചിൽ ഉണ്ണിമേനോൻ ഷോയും ചാലിയത്ത് അഫ്സൽ ഷോയും നടക്കും. കോഴിക്കോട് ബീച്ചിലെ കൾച്ചറൽ സ്റ്റേജിൽ റാഫി- മുകേഷ് നൈറ്റ് അരങ്ങേറും. നല്ലൂരിൽ ഹണി ഡ്രോപ്പ് ബാൻഡ് ഷോ, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ എന്നിവ നടക്കും. ഡിസംബർ 29 ന് ബേപ്പൂരിൽ സച്ചിൻ വാര്യർ, ആര്യ ദയാൽ ബാന്റിന്റെ സംഗീത പരിപാടി നടക്കും. ചാലിയത്ത് സമീർ ബിൻസി ഖവാലി, നല്ലൂരിൽ പ്രാച്ചി ടെഹ്ലാന്റെ ഡാൻസ് പരിപാടിയും അബ്രാകഡബ്ര ഷോയും നടക്കും.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടർ ഫെസ്റ്റ് ഉത്സവമാക്കാനൊരുങ്ങി ജില്ല

പ്രചരണ കായിക മത്സരങ്ങൾക്ക് 18 ന് തുടക്കം

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി കോഴിക്കോട് ബീച്ചിലും ബേപ്പൂരിലും ഒരുക്കിയിരിക്കുന്നത് വിപുലമായ കലാ- കായിക മത്സരങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികൾ. ഡിസംബര്‍ 18ന് പ്രചരണ കായിക മത്സരങ്ങൾക്ക് തുടക്കമാവും. 18ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന വോളി ബോൾ മത്സരത്തിൽ പ്രമുഖ ടീമുകൾ പങ്കെടുക്കും. രണ്ട് പുരുഷ ടീമുകളും നാല് വനിത ടീമുകളും മാറ്റുരയ്ക്കും.

20 ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ബീച്ചില്‍ കബഡി മത്സരം അരങ്ങേറും. പുരുഷ- വനിതാ വിഭാഗങ്ങളിലായി നാലു വീതം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

രണ്ട് മത്സരങ്ങളിലെയും വിജയികൾക്ക് ഒന്നാം സമ്മാനം 8000 രൂപയും രണ്ടാം സമ്മാനം 4000 രൂപയും വീതം നൽകും.

21ന് വൈകിട്ട് അഞ്ചിന്‌ സെപക് താക്രോ മത്സരവും 23 ന് ഫുട്ബോൾ മത്സരവും നടക്കും.

ഫെസ്റ്റിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി ഡിസംബർ 23ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് 12 വരെ ബേപ്പൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രരചന മത്സരവും സംഘടിപ്പിക്കും. 24ന് രാവിലെ 6.30ന് കോഴിക്കോട് ബീച്ച് മുതല്‍ ബേപ്പൂര്‍ വരെ മിനി മാരത്തോണും സംഘടിപ്പിക്കുന്നുണ്ട്. മിനി മാരത്തോണിലെ വിജയികൾക്ക് ഒന്നാം സമ്മാനം 7000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും മൂന്നാം സമ്മാനം 3000 രൂപയുമാണ്. കൂടാതെ പ്രോത്സാഹന സമ്മാനമായി അഞ്ച് പേര്‍ക്ക് 1000 രൂപ വീതവും നല്‍കും. ഫെസ്റ്റിനോടു ബന്ധിച്ച് ബേപ്പൂരും കോഴിക്കോടും ആകർഷകമായ ദീപാലങ്കാരവും ഒരുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ഘോഷയാത്രയും അരങ്ങേറും. പരിപാടികൾ വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

ചിത്രരചനാ മത്സരങ്ങള്‍ 23ന് വാട്ടര്‍ ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരങ്ങള്‍ ഡിസംബര്‍ 23ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 12 വരെ ബേപ്പൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. എല്‍പി വിഭാഗം വിദ്യാർഥികൾക്ക് ക്രയോണ്‍സ് പെയിൻ്റിംഗും, യുപി, എച്ച്എസ്, എച്ച്എസ്എസ്, പൊതുവിഭാഗങ്ങൾക്ക് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ എന്നിങ്ങനെയുമാണ് മത്സരങ്ങള്‍. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9037047059, 7736527575 എന്നീ നമ്പറുകളില്‍ വിളിച്ചോ beyporewaterfest@gmail.com എന്ന ഇമെയിൽ വഴിയോ രജിസ്റ്റർ ചെയ്യണം.