ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി രൂപീകരിച്ചു

കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ അഞ്ച് സംഘാടക സമിതി രൂപീകരിച്ചു. ബേപ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേരള ടൂറിസം ഇൻഫ്രസ്ട്രക്ച്ചർ ലിമിറ്റഡ് (കെടിഐഎല്‍) ചെയര്‍പേഴ്സൺ എസ് കെ സജീഷ് പരിപാടി വിശദീകരിച്ചു. ബേപ്പൂരില പ്രധാന വേദികളിലായി ഡിസംബർ അവസാന വാരമാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. ഫെസ്റ്റിന്റെ ഭാഗമായി വിവിധ ജലകായിയ മത്സരങ്ങളും പ്രദർശനങ്ങളും കലാപരിപാടികൾ, ഭക്ഷ്യമേള, കര, നാവിക സേനകളുടെ അഭ്യാസപ്രകടനങ്ങൾ, കൈറ്റ്  ഫെസ്റ്റിവൽ തുടങ്ങിയവ നടക്കും.

ചടങ്ങില്‍ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി സി രാജന്‍,  അധ്യക്ഷയായി. ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൺ എൻ സി റസാക്ക്, കോർപറേഷൻ കൗണ്‍സിലര്‍മാരായ കെ രാജീവ്, കെ സുരേഷ്, വി നവാസ്, ടി രജനി, ഗിരിജ, പി കെ ഷമീന, സ്പോർട്സ് കൗണസിൽ പ്രസിഡൻ്റ് പി നിഖിൽ, സബ് കലക്ടര്‍ ഗൗതം രാജ്,  ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ, എഡിഎം സി മുഹമ്മദ് റഫീഖ്, ടൂറിസം വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡി.ടി.പി.സി. സെക്രട്ടറി ഡോ. ടി നിഖില്‍ദാസ്, നമ്മൾ ബേപ്പൂർ അധ്യക്ഷൻ ടി രാധാഗോപി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ രക്ഷാധികാരിയും മന്ത്രി എ കെ ശശീന്ദ്രന്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, എം കെ രാഘവന്‍ എം പി,  എം എല്‍ എ മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, പി ടി എറഹീം, മുൻ എംഎൽഎ വികെസി മമ്മദ് കോയ എന്നിവര്‍ രക്ഷാധികാരികളായുമുള്ള 1001 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ചെയര്‍മാനാകും. 20 സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കി. കഴിഞ്ഞ ബേപ്പൂർ വോട്ടർ ഫെസ്റ്റിൻ്റെ ഭാഗമായി പ്രവർത്തിച്ച ബീച്ച് ശുചീകരണ തൊഴിലാളികളെ വേദിയിൽ ആദരിച്ചു.