ഗോകുലം മൂന്നാം സ്ഥാനത്ത്
കോഴിക്കോട്: സ്വന്തം ഗ്രൗണ്ടിൽ കാണികൾക്ക് ഗോൾ വിരുന്നൊരുക്കി ഗോകുലം. ഷില്ലോങ് ലജോങ്ങിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്താണ് ഗോകുലത്തിൻ്റെ ജയം. മലയാളി താരം സൗരവിന്റെ മികച്ച മുന്നേറ്റവും ഫിനിഷിങ്ങും 45-ാം മിനിറ്റിൽ ഗോകുലത്തിന് ലീഡ് നൽകി.
രണ്ടാം പകുതിയിൽ കൂടുതൽ ഒത്തിണക്കത്തോടെ മുന്നേറ്റം നടത്തിയ ഗോകുലം പകരക്കാരനായിറങ്ങിയ മാറ്റിജ ബാബോവിച്ചിലൂടെ 72 -ാം മിനിറ്റിൽ ഗോൾ നേടി. ഒട്ടനവധി അവസരങ്ങൾ ലഭിച്ചെങ്കിലും വീണ്ടും ഗോൾ വല വിറപ്പിക്കാൻ ടീമിനായില്ല. അവസാന നിമിഷങ്ങളിൽ ഗോൾ നേടാൻ ഷില്ലോങ് ലജോങ് നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഗോകുലം ഡിഫൻഡർമാർ അതെല്ലാം തടഞ്ഞു. ഇതോടെ ഗോകുലം 13 കളികളിൽ നിന്ന് 23 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കെത്തി നില മെച്ചപ്പെടുത്തി. അടുത്തതായി ഫെബ്രുവരി 16 ന് രാജസ്ഥാൻ യുണൈറ്റഡ് എഫ് സി യെ നാമധാരി സ്റ്റേഡിയത്തിൽ ഗോകുലം നേരിടും.

