കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിൽ -വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. കോഴിക്കോട് വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ 32 ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ 18 ടീമുകളും പങ്കെടുത്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ വോളിഫ്രണ്ട്‌സ് പയിമ്പ്രയെ പരാജയപ്പെടുത്തി പാറ്റേൺ കാരന്തൂർ ജേതാക്കളായി. ലൂസേഴ്‌സ് ഫൈനലിൽ ജിജോ കോട്ടൂരിനെ പരാജയപ്പെടുത്തി NRC നടുവണ്ണൂർ മൂന്നാം സ്ഥാനം നേടി.
പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ വടകര IPM അക്കാദമിയെ പരാജയപ്പെടുത്തി വോളിഫ്രണ്ട്‌സ് പയിമ്പ്ര ഒന്നാം സ്ഥാനം നേടിയപ്പോൾ ഡയറക്ഷൻ ചാത്തമംഗലം, NRC നടുവണ്ണൂർ എന്നീ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി.
വിജയികൾക്കുള്ള ട്രോഫികൾ കേരള സ്റ്റേറ്റ് സോഫ്റ്റ് ടെന്നീസ് ബോൾ അസോസിയേഷൻ പ്രസിഡന്റ് വി വസീഫ് കൈമാറി. സർട്ടിഫിക്കറ്റ് വിതരണം വേദിയിൽ മുൻ ഇന്റർനാഷണൽ താരം കിഷോർകുമാർ നിർവഹിച്ചു. ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ വിദ്യാസാഗർ, അച്ചുമാസ്റ്റർ, ബാലൻമാസ്റ്റർ, പി കെ വിജയൻ, പി കെ രാഘവൻ, രാമദാസ് എന്നിവർ പങ്കെടുത്തു. ജില്ലാ സ്പോർട്സ് ഓഫീസർ വിനീഷ് ജില്ലാ ടീമിന്റെ സെലക്ഷൻ ലിസ്റ്റ് പ്രഖ്യാപിച്ചു.



