മുതിർന്ന സ്ത്രീകളുടെ സംരക്ഷണം സ്ത്രീസമൂഹം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ

50 പരാതികളിൽ ആറെണ്ണം തീർപ്പാക്കിക്കൊണ്ട് വനിതാ കമ്മീഷന്റെ ജില്ലാതല സിറ്റിംഗ്

കോഴിക്കോട്: മുതിർന്ന സ്ത്രീകളുടെ സംരക്ഷണം സ്ത്രീസമൂഹം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വക്കേറ്റ് പി സതീദേവി. കോഴിക്കോട് കളക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല സിറ്റിങ്ങിൽ  സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.

പരിഗണിച്ച പരാതികളിൽ അധികവും കുടുംബവഴക്കുകളുമായി ബന്ധപ്പെട്ടവയായിരുന്നു .സ്വത്ത് വിഹിതം ലഭിച്ചതിനുശേഷം  മുതിർന്ന സ്ത്രീകളെ കുടുംബത്തിൽ നിന്ന് പുറന്തള്ളുന്നു. സ്നേഹവും കരുതലും ലഭിക്കേണ്ട വാർദ്ധക്യത്തിൽ സ്ത്രീകൾ വല്ലാത്ത ഒറ്റപ്പെടൽ നേരിടുന്നുണ്ടെന്നും ഇത് സമൂഹത്തിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്നും ചെയർപേഴ്സൺ പറഞ്ഞു. സാമ്പത്തിക ഭദ്രതയുള്ള സ്ത്രീകൾക്ക് പോലും വാർദ്ധക്യത്തിൽ സാമൂഹ്യപരിരക്ഷ കിട്ടുന്നില്ല. സ്ത്രീകൾക്ക് എതിരെ സൈബർ ആക്രമണങ്ങൾ കൂടുന്നു.ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ വലിയ സുരക്ഷാ ഭീഷണി നേരിടുന്നു.അച്ഛനും അമ്മയും വഴക്കിട്ട് കഴിയുന്ന വീടുകളിലെ കുട്ടികളിൽ കുടുംബ മൂല്യങ്ങളും സാമൂഹ്യ മൂല്യങ്ങളും കുറഞ്ഞ് വരുന്നുണ്ടെന്നും പുരുഷന്മാർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതുമൂലം  സ്ത്രീകൾക്ക് സ്വന്തം കുടുംബത്തിൽ നിന്ന് പോലും സുരക്ഷാഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു. ഗാർഹിക പീഡന നിരോധന നിയമവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ നടപ്പിലാക്കി കിട്ടാൻ സ്ത്രീകൾ നിയമപാലകരെ സമീപിക്കുമ്പോൾ കുടുംബപ്രശ്നങ്ങൾ എന്ന് പറഞ്ഞ് ലഘൂകരിച്ച് അവഗണിക്കുകയാണെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.

പരിഗണിച്ച 50 പരാതികളിൽ ആറെണ്ണം തീർപ്പാക്കി. ഒരു പരാതി നിയമസഹായത്തിനായി വിട്ടിട്ടുണ്ട്.  ആറു പരാതികളുമായി ബന്ധപ്പെട്ട് പോലീസിന്റെയും  വകുപ്പ് ഉദ്യോഗസ്ഥരുടെയും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാതല സിറ്റിങ്ങിൽ കമ്മീഷൻ അംഗം പി കുഞ്ഞായിഷ,അഡ്വക്കേറ്റ്  എ ജമിനി എന്നിവർ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000