ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വെല്‍ഫെയര്‍ ടീം


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാനെ നോഡല്‍ ഓഫീസറായി നിയമിച്ചു. ഇതനുസരിച്ച് ജില്ലയിലെ പതിമൂന്ന് നിയോജക മണ്ഡലങ്ങളിലും ജില്ലാ പ്ലാനിംഗ് ഓഫീസിലെ ഉദ്യോഗസ്ഥര്‍, എല്‍.എസ്.ജി.ഡി, പൊലീസ്, ആരോഗ്യവിഭാഗം, വാട്ടര്‍ അതോറിറ്റി ഫയര്‍ ആന്റ് റസ്‌ക്യൂ, കെഎസ്ഇബി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വെല്‍ഫെയര്‍ ടീം രൂപീകരിച്ചു.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടിയോടനുബന്ധിച്ച് ടീം അംഗങ്ങള്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. 18 മുതല്‍ 20 വരെ നടക്കുന്ന രണ്ടാം ഘട്ട പരിശീലന പരിപാടിയിലും വെല്‍ഫെയര്‍ ടീം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും സുഗമമായും നടക്കുന്നതിനായി പ്രശ്നബാധിത ബൂത്തുകള്‍/മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള ബൂത്തുകള്‍ സന്ദര്‍ശിച്ച് കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍, സെക്ടര്‍ ഓഫീസര്‍മാരുടെ നോഡല്‍ ഓഫീസറായ ജില്ലാ സര്‍വ്വെ സൂപ്രണ്ട്, പിഡബ്‌ളൂ നോഡല്‍ ഓഫീസറായ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ മണ്ഡലങ്ങളിലെ സെക്ടര്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്ന് ആവശ്യമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിതരണ/സ്വീകരണ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് പ്രത്യേക വെല്‍ഫെയര്‍ ടീമുകള്‍ രൂപീകരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു.