കോഴിക്കോട്: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ആർട്ടിക്കിൾ 370 റദ്ദ് ചെയ്ത്
സംസ്ഥാനപദവിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കശ്മീരിന്റെ അവസ്ഥ നാളെ എവിടെയുമാവർത്തിക്കാമെന്ന്
സി.പി.ഐ എം കേന്ദ്രകമ്മിറ്റി അംഗം യൂസഫ് തരിഗാമി. ഭരണഘടനാ സംരക്ഷണ സമിതി നേതൃത്വത്തിൽ
കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു, തരിഗാമി.
സ്വാതന്ത്ര്യ സമരസേനാനികൾ അവരുടെ ത്യാഗത്തിലൂടെ നമുക്ക് തന്നതാണ് ജനാധിപത്യ മൂല്യങ്ങളിലൂന്നിയ ഇന്ത്യൻ ഭരണഘടന എന്നത്.
സി എ എ അടക്കമുള്ള നിയമങ്ങളിലൂടെ, പുത്തൻ കോർപറേറ്റ് അനുകൂല നിലപാടുകളിലൂടെ എൻഡിഎ ചെയ്യുന്നത് ഈ മൂല്യങ്ങളെ ഇല്ലാതാക്കുക എന്നതാണ്.
ബിജെപി സർക്കാരിന്റെ സ്വേച്ഛാപരമായ നിലപാടുകളെ ശക്തമായെതിർക്കാൻ പല പ്രതിപക്ഷ പാർട്ടികളും മടിച്ചു നിൽക്കുന്ന ഇക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുകയാണെന്നും ചോദ്യങ്ങൾക്കുത്തരമായി തരിഗാമി പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടുവല്ലോ എന്ന ചോദ്യത്തോട്, വാസ്തവമറിയാത്തതുകൊണ്ടാണെന്നാണ്
തരിഗാമി പ്രതികരിച്ചത്. ഇടതുസർക്കാർ അധികാരത്തിലിരിക്കുന്ന കേരളത്തിൽ ജീവിക്കുന്ന നിങ്ങൾക്ക് ഒരു പക്ഷേ ആലോചിക്കാൻ കഴിയുന്നതിലും അപ്പുറമാണ് കശ്മീരിലെ സാഹചര്യങ്ങൾ. പഞ്ചായത്ത്, ലോക്സഭാ ഇലക്ഷനുകൾ നടത്താൻ ‘സമാധാനം’ ഉണ്ടെന്ന് സമ്മതിക്കുമ്പോഴും നിയമസഭ ഇല്ലാത്ത നാടായി നിലനിൽക്കുകയാണ് കശ്മീർ. ഞങ്ങളുടെ വേദന നിങ്ങൾ കൂടി അറിയേണ്ടതുണ്ടെന്ന്
വികാരാധീനനായി തന്നെ പറഞ്ഞു വെയ്ക്കുകയായിരുന്നു തരിഗാമി.
പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. എ.കെ.അബ്ദുൾ ഹക്കീം സ്വാഗതം പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതി കൺവീനർ
കെ.ടി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. പ്രേംകുമാർ മോഡറേറ്റർ ആയിരുന്നു.
ഡോ. യു.ഹേമന്ത് കുമാർ നന്ദി പറഞ്ഞു.
ഇന്നത്തെ കശ്മീരിന്റെ അവസ്ഥ എവിടെയും ആവർത്തിക്കാം: യൂസഫ് തരിഗാമി

