‹

കുട്ട്യോളും കലക്ടറും; ശ്രദ്ധേയമായി രണ്ടാം പതിപ്പ്

അന്താരാഷ്ട്ര ആംഗ്യഭാഷാദിനത്തിൽ അതിഥികളായി കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂൾ വിദ്യാർത്ഥികൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുട്ട്യോളും കലക്ടറും സംവാദ പരിപാടിയുടെ രണ്ടാം പതിപ്പ് ശ്രദ്ധേയമായി. അന്താരാഷ്ട്ര ആംഗ്യഭാഷാദിനത്തിൽ കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർ സെക്കൻഡറി സ്കൂൾ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ നിന്നുള്ള മുപ്പതോളം വിദ്യാർഥികളാണ് അതിഥികളായി എത്തിയത്.

എല്ലാ ബുധനാഴ്ചകളിലും വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുമായി കളക്ടര്‍ സംവദിക്കുന്ന പരിപാടിയാണ് ‘കുട്ട്യോളും കലക്ടറും’.

ആംഗ്യഭാഷാ വ്യാഖ്യാതാവിന്റെ (ഇന്റർപ്രെറ്റർ) സഹായത്തോടെ വിദ്യാർത്ഥികൾ ജില്ലാ കലക്ടറുമായി സംവദിച്ചു. കുട്ടികളും കലക്ടറും തമ്മിൽ ഊഷ്മളമായ ആശയവിനിമയമാണ് നടന്നത്. ആശങ്കകളും അഭിപ്രായങ്ങളും വിദ്യാർത്ഥികൾ ജില്ലാ കലക്ടറുമായി പങ്കുവെച്ചു.

മാതൃഭൂമി ബുക്‌സിന്റെ പിന്തുണയിൽ ഒരുക്കിയ പുസ്തകങ്ങൾ കലക്ടർ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു. ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം ഇന്റേണുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയിൽ ജില്ലാ കലക്ടറുടെ സാമൂഹ്യ മാധ്യമ പേജുകളിൽ ആരംഭിക്കുന്ന “സൈൻ അപ്പ്” കാമ്പയിന്റെ തുടക്കവും കുറിച്ചു. കലക്ടർ എം.എസ് മാധവിക്കുട്ടി ലോഗോ പ്രകാശനം നടത്തി.  പൊതുജനങ്ങളെ ആംഗ്യഭാഷ പരിചയപ്പെടുത്തുന്ന ഹ്രസ്വ വീഡിയോകളും സന്ദേശങ്ങളുമാണ് ക്യാമ്പയിൻ്റെ ഉള്ളടക്കം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000