‹

ഓപ്പറേഷൻ തൂഫാൻ: 1692 വാർഡുകളിൽ പ്രത്യേക ഗ്രാമസഭ

വാർഡ് തലത്തിൽ തൂഫാൻ വാരിയർമാരെ സജ്ജീകരിക്കും

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 28ന് ജില്ലയിലെ 1692 വാർഡുകളിൽ പ്രത്യേക ഗ്രാമസഭകൾ ചേരും. പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും ജില്ലാതല ആലോചനാ യോഗം ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ ജോയിന്റ് ഡയറക്ടർ എൻ.കെ. ഹരീഷ് അധ്യക്ഷത വഹിച്ചു.

പ്രത്യേക ഗ്രാമസഭകളുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാൻ ഫ്ലാഗ് ഉയർത്തും. തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, തൂഫാൻ വാരിയർ ബാഡ്ജ് വിതരണം, ബോധവത്കരണ ക്ലാസുകൾ, വീഡിയോ പ്രദർശനം തുടങ്ങിയവ സംഘടിപ്പിക്കും. ഓരോ ഗ്രാമസഭയിൽ നിന്നും പത്തിൽ കുറയാത്ത തൂഫാൻ വാരിയർമാരെ കണ്ടെത്തി തൂഫാൻ വളണ്ടിയർ ഫോഴ്‌സ് രൂപീകരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന പ്രവർത്തകർ, വിദ്യാർഥികൾ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, യുവജനങ്ങൾ, അധ്യാപകർ, സർവീസ് പെൻഷൻകാർ, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.

പ്രത്യേക ഗ്രാമസഭകളുടെ സംഘാടനത്തിന് ശേഷം വാർഡ് തല ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ലഹരിക്ക് അടിമപ്പെട്ടവരുടെ സമഗ്ര പുനരധിവാസത്തിനും രഹസ്യ വിവരശേഖരണത്തിനും യുവജന-വിദ്യാർഥി പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട നടപടികൾ സംബന്ധിച്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രമോദ് സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് അസിസ്റ്റന്റ് ഡയറക്ടർ ഒ. മനോജ് വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഹമ്മദ് പുന്നക്കൽ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, മുനിസിപ്പൽ ചേംബർ ഭാരവാഹി മുഹമ്മദലി കല്ലട, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഒ.കെ. കുഞ്ഞബ്ദുള്ള മാസ്റ്റർ, ഡെപ്യൂട്ടി ഡയറക്ടർ കെ.വി. രവികുമാർ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഒ. മനോജ് സ്വാഗതവും ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000