റെയിൽവേയുടെ ഖജനാവ് നിറയ്ക്കുന്ന മലബാർ

എന്നിട്ടും എന്തിനീ പകൽക്കൊള്ളയും അവഗണനയും?

കോഴിക്കോട്: റെയിൽവേയുടെ ദക്ഷിണ മേഖലയിൽ ഏറ്റവും കൂടുതൽ യാത്രക്കാരെയും കോടിക്കണക്കിന് രൂപയുടെ വരുമാനവും സമ്മാനിക്കുന്ന മലബാറിലെ (മംഗളൂരു – ഷൊർണൂർ പാത) പ്രധാന റെയിൽവേ സ്റ്റേഷനുകളോട് റെയിൽവേ കാട്ടുന്ന ക്രൂരമായ അവഗണനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.

റെയിൽവേയ്ക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും, പതിനായിരക്കണക്കിന് യാത്രക്കാരെ വഴിയാധാരമാക്കുകയും ചെയ്യുന്ന നയങ്ങളാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

350 കോടിയിലധികം വരുമാനം, 11 കോടിയിലധികം യാത്രക്കാർ

2025-26 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച്, മലബാറിലെ പ്രധാന 10 റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ഷൊർണൂരിൽ നിന്നുമായി റെയിൽവേ നേടിയത് 350 കോടിയിലധികം രൂപയുടെ റെക്കോർഡ് വരുമാനമാണ്.

കോഴിക്കോട് (CLT): ₹219 കോടി വരുമാനം | 3 കോടി 24 ലക്ഷം യാത്രക്കാർ

കണ്ണൂർ (CAN): ₹136 കോടി വരുമാനം | 1 കോടി 86 ലക്ഷം യാത്രക്കാർ

തലശ്ശേരി (TLY): ₹45 കോടി വരുമാനം | 1 കോടി 1 ലക്ഷം യാത്രക്കാർ

വടകര (BDJ): ₹32 കോടി വരുമാനം | 92 ലക്ഷം യാത്രക്കാർ

കാസർഗോഡ് (KGQ): ₹48 കോടി വരുമാനം | 90 ലക്ഷം യാത്രക്കാർ

തിരൂർ (TIR): ₹39 കോടി വരുമാനം | 85 ലക്ഷം യാത്രക്കാർ

പയ്യന്നൂർ (PAY): ₹27 കോടി വരുമാനം | 59 ലക്ഷം യാത്രക്കാർ

കുറ്റിപ്പുറം (KTU): ₹16 കോടി വരുമാനം | 45 ലക്ഷം യാത്രക്കാർ

കാഞ്ഞങ്ങാട് (KZE): ₹20 കോടി വരുമാനം | 44 ലക്ഷം യാത്രക്കാർ

കൊയിലാണ്ടി (QLD): ₹12 കോടി വരുമാനം | 40 ലക്ഷം യാത്രക്കാർ

ഷൊർണൂർ (SRR):  ₹56 കോടി വരുമാനം | 78 ലക്ഷം യാത്രക്കാർ

മലബാറിലെ ഈ 10 പ്രമുഖ സ്റ്റേഷനുകളെയും ഷൊർണൂരിനെയും ആശ്രയിച്ച് പ്രതിവർഷം 11 കോടി 44 ലക്ഷത്തിലധികം ആളുകളാണ് യാത്ര ചെയ്യുന്നത്. എന്നിട്ടും ഈ വൻകിട സ്റ്റേഷനുകളെ ബോധപൂർവം തള്ളിക്കളയുന്ന നിലപാടാണ് റെയിൽവേ കൈക്കൊള്ളുന്നത്.

സ്പെഷ്യൽ ട്രെയിനുകളിലെ ‘അവഗണനയുടെ’ ടൈംടേബിൾ

ഓണം, വിഷു, ദീപാവലി, ന്യൂഇയർ ഉത്സവ കാലങ്ങളിൽ പ്രഖ്യാപിക്കുന്ന “സ്പെഷ്യൽ ട്രെയിനുകളുടെ” സ്റ്റോപ്പ് ലിസ്റ്റ് പരിശോധിച്ചാൽ ഈ വിവേചനം വ്യക്തമാകും.

1. കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം തഴയപ്പെടുന്നു: കോടികളുടെ വരുമാനവും ലക്ഷക്കണക്കിന് യാത്രക്കാരുമുള്ള കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം തുടങ്ങിയ പ്രമുഖ സ്റ്റേഷനുകളെ ഒഴിവാക്കിക്കൊണ്ടാണ് പല ഉത്സവ സ്പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തുന്നത്.

(ഉദാഹരണത്തിന്: സ്പെഷ്യൽ ട്രെയിനുകൾ പലതും ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിൽ മാത്രമാണ് നിർത്തുന്നത്! കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം പൂർണമായി ഒഴിവാക്കപ്പെട്ടു.

2. തെക്കൻ കേരളത്തിൽ പാസഞ്ചർ മോഡൽ സ്റ്റോപ്പുകൾ!

അതേസമയം, കോട്ടയം മുതൽ കൊല്ലം വരെയുള്ള തെക്കൻ മേഖലയിലേക്ക് കടക്കുമ്പോൾ ഈ ട്രെയിനുകളുടെ സ്വഭാവം തന്നെ മാറുന്നു! കോട്ടയം, ചങ്ങനാശ്ശേരി (16cr), തിരുവല്ല (23cr), മാവേലിക്കര (8cr), കരുനാഗപ്പള്ളി (12cr), ശാസ്താംകോട്ട (3cr), കൊല്ലം തുടങ്ങി മിനിറ്റുകളുടെ വ്യത്യാസത്തിലുള്ള ചെറിയ സ്റ്റേഷനുകളിൽ വരെ എല്ലാ സ്പെഷ്യൽ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

റെയിൽവേ വരുത്തിവെക്കുന്ന വൻ സാമ്പത്തിക നഷ്ടം

ഉത്സവ സീസണുകളിൽ ആയിരക്കണക്കിന് പ്രവാസികളും വിദ്യാർത്ഥികളും യാത്രക്കാരുമാണ് നാടുകളിലേക്ക് വരാൻ ടിക്കറ്റ കിട്ടാതെ വലയുന്നത്. ഏറ്റവും കൂടുതൽ യാത്രാവശ്യമുള്ള കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം തുടങ്ങിയ സ്റ്റേഷനുകളിൽ സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ റെയിൽവേയ്ക്ക് ലഭിക്കുന്നത് കോടിക്കണക്കിന് രൂപയുടെ അധിക വരുമാനമായിരിക്കും.

എന്നാൽ, ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് നൽകാത്തതുമൂലം ട്രെയിനുകളിലെ സീറ്റുകൾ കിട്ടാതെ, പ്രവാസികൾ സ്വകാര്യ ബസുകളിൽ ഉയർന്ന ടിക്കറ്റ് കൊടുത്ത് യാത്ര ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു.

ഉത്സവ സീസണുകളിൽ സ്പെഷ്യൽ ട്രെയിനുകളിൽ പ്രധാന സ്റ്റേഷനുകൾ ഒഴിവാക്കുന്നത് റെയിൽവേ സ്വന്തം നഷ്ടം വരുത്തുന്നതിനു തുല്യമാണ്.

ഈ പകൽക്കൊള്ളയ്ക്ക് എന്ന് അവസാനമാകും?

വരുമാനത്തിന്റെ കാര്യത്തിൽ റെയിൽവേക്ക് വല്യ വരുമാനം കിട്ടുന്ന മലബാറിനോട് കാട്ടുന്ന ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കേണ്ടതുണ്ട്. കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, വടകര, കൊയിലാണ്ടി, കുറ്റിപ്പുറം അടക്കമുള്ള മലബാറിലെ പ്രധാന 10 റെയിൽവേ സ്റ്റേഷനുകളിലും പ്രീമിയം ട്രെയിൻ ഒഴികെ ബാക്കി എല്ലാ എക്സ്പ്രസ്/സ്പെഷ്യൽ ട്രെയിനുകൾക്കും അടിയന്തിരമായി സ്റ്റോപ്പ് അനുവദിക്കണം.

യാത്രക്കാരുടെ ദുരിതം കാണാതെ, റെയിൽവേയുടെ സ്വന്തം ഖജനാവിന് പൂട്ടിടുന്ന ഈ വിചിത്ര നയം തിരുത്താൻ ജനപ്രതിനിധികളും അധികാരികളും മാധ്യമങ്ങളും പാസഞ്ചർ അസോസിയേഷനുകളും അടിയന്തിരമായി ഇടപെടണം. (ആർ പ്രശാന്ത് കുമാർ, പ്രസിഡൻ്റ്, കാസർഗോഡ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ )

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000