ഏഴാം ധനകാര്യ കമീഷന്‍: സംവാദം സംഘടിപ്പിച്ചു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ധനവിന്യാസവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഏഴാം സംസ്ഥാന ധനകാര്യ കമീഷന്‍ സംവാദം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സംവാദത്തില്‍ ധനകാര്യ കമീഷന്‍ ചെയര്‍മാന്‍ കെ എന്‍ ഹരിലാല്‍ ആസൂത്രണ സമിതി അംഗങ്ങളുമായി സംവദിച്ചു.

ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ആമുഖ പ്രസംഗം നടത്തി. ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ ഷീജ ശശി അധ്യക്ഷത വഹിച്ചു.
ധനവിനിയോഗവുമായി ബന്ധപ്പെട്ട് നടത്തേണ്ട പരിഷ്‌കാരങ്ങള്‍, മാറ്റങ്ങള്‍ എന്നിവയെ കുറിച്ച് അംഗങ്ങള്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തനത് ഫണ്ട് സമാഹരിക്കാനുള്ള വഴികളെ കുറിച്ച് ധനകാര്യ കമീഷന്‍ മുമ്പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.

സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി അനില്‍ പ്രസാദ്, ജോയന്റ് സെക്രട്ടറി പ്രശാന്ത്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി സുധാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.