വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കേണ്ടത് കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോഴല്ല -വിവരാവകാശ കമീഷണർ
കോഴിക്കോട്: വിവരാവകാശ അപേക്ഷകള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കാതെ കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോള്‍ മാത്രം വിവരം നല്‍കുന്ന പ്രവണതയുണ്ടെന്നും ഇത് ശരിയായ നടപടിയല്ലെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കോഴിക്കോട് മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരം ലഭിക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമായതിനാല്‍ അത് നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണ്. വിവരം നല്‍കാനുള്ള ചുമതല ഓഫീസിലെ പൊതു വിവരാവകാശ ഓഫീസര്‍ക്ക് മാത്രമല്ല, ഓഫീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നും കമീഷണര്‍ പറഞ്ഞു. വിവരം നല്‍കാന്‍ തയാറാവാത്ത ഉദ്യോഗസ്ഥരെ കല്‍പ്പിത വിവരാവകാശ ഓഫീസര്‍മാരായി പ്രഖ്യാപിച്ച് അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
വിവരാവകാശ നിയമം വകുപ്പ് 4(1) പ്രകാരം ഒരു കാര്യാലയത്തിലെ ഫയലുകളും രേഖകളും പട്ടിക തിരിച്ച്, ക്രമപ്പെടുത്തി വെക്കേണ്ടത് ആ ഓഫീസിലെ വകുപ്പ് മേധാവിയുടെ ഉത്തരവാദിത്തമാണ്. പൊതു വിവരാവകാശ ഓഫീസര്‍ വിവരം നല്‍കിയിട്ടില്ലെങ്കില്‍ ഒന്നാം അപ്പീല്‍ അധികാരി ഇടപെട്ട് അപേക്ഷകന് വിവരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്. വിവരം നല്‍കാന്‍ നിയമമനുവദിച്ച പരമാവധി സമയപരിധിയാണ് 30 ദിവസം. ഏറ്റവും വേഗത്തില്‍ അപേക്ഷകള്‍ തീര്‍പ്പാക്കാനാണ് നിയമം അനുശാസിക്കുന്നത്. വിവരം നല്‍കാന്‍ ചുമതലയുള്ള പൊതു വിവരാവകാശ ഓഫീസര്‍ വീഴ്ച വരുത്തുമ്പോഴാണ് ഒന്നാം അപ്പീല്‍ അധികാരിക്ക് അപ്പീല്‍ പോകുന്നത്. അവിടെയും തൃപ്തികരമായ മറുപടി ലഭിക്കാതിരിക്കുമ്പോഴാണ് രണ്ടാം അപ്പീല്‍ അധികാരിയായ വിവരാവകാശ കമീഷനിലേക്ക് അപ്പീല്‍ ലഭിക്കുന്നത്. കാര്യങ്ങള്‍ അതുവരെ എത്തിക്കേണ്ട ആവശ്യമില്ലെന്നും എത്രയുംവേഗം വിവരം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കമീഷണര്‍ പറഞ്ഞു.
വകുപ്പുകളുടെയും ഓഫീസുകളുടെയും വെബ്‌സൈറ്റുകള്‍ വിവരങ്ങളുടെ സ്രോതസ്സാകണം. ഓഫീസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ക്രോഡീകരിച്ച് പട്ടിക തയാറാക്കി കമ്പ്യൂട്ടറിലോ വെബ്‌സൈറ്റിലൂടെയോ പൊതുജനങ്ങളെ അറിയിക്കാന്‍ പൊതു അധികാരികള്‍ ബാധ്യസ്ഥരാണെന്നും കമീഷണര്‍ കൂട്ടിച്ചേര്‍ത്തു. സിറ്റിങ്ങില്‍ പരിഗണിച്ച 18 പരാതികള്‍ തീര്‍പ്പാക്കി. വിവരം നല്‍കാത്ത രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കമീഷന്‍ തീരുമാനിച്ചു.
വിവരാവകാശ കമീഷന്‍ സിറ്റിങ്: 18 പരാതികള്‍ തീര്‍പ്പാക്കി

