‘യുവ ആപ്ദ മിത്ര’ എൻ.എസ്.എസ് ദുരന്തനിവാരണ ക്യാമ്പ് സമാപിച്ചു

കോഴിക്കോട്: ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും (എൻഡിഎംഎ) ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ എൻ.എസ്.എസ് വളണ്ടിയർമാർക്കായി സംഘടിപ്പിച്ച ‘യുവ ആപ്ദ മിത്ര’ ദുരന്തനിവാരണ പരിശീലന പരിപാടി സമാപിച്ചു. ജനുവരി 10 മുതൽ 16 വരെ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം എരഞ്ഞിപ്പാലം നവജ്യോതി റിനീവൽ സെന്ററിൽ ഡെപ്യൂട്ടി കലക്ടർ എം രേഖ ഉദ്ഘാടനം ചെയ്തു. നോഡൽ ഓഫീസർ ഡോ. സുരേഷ് പുത്തൻപറമ്പിൽ അധ്യക്ഷനായി. മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. സച്ചിൻ പി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. വാഹിദ ബീഗം, ജില്ലാ ഹസാർഡ്‌ അനലിസ്റ്റ് പി അശ്വതി, എ പി റുസ്‌ല എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ് സ്വാഗതവും വളണ്ടിയർ ദേവിക നന്ദിയും പറഞ്ഞു.

പോലീസ്, അഗ്നിരക്ഷാ സേന, ദുരന്തനിവാരണ വിഭാഗം ട്രെയിനർമാർ, ഡോക്ടർമാർ, സൈക്കോളജിസ്റ്റുകൾ തുടങ്ങിയവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ദുരന്തമുഖങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ക്യാമ്പിൽ പ്രളയം, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളിൽ ശാസ്ത്രീയമായി ഇടപെടൽ, പ്രാഥമിക വൈദ്യസഹായം നൽകൽ, ദുരന്തനിവാരണ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം, കെട്ടിടാവശിഷ്ടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തനം തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *