മാനാഞ്ചിറ-വെള്ളിമാട്കുന്ന് നാലുവരിപ്പാത ആദ്യഘട്ട ഉദ്ഘാടനവും മലാപ്പറമ്പ്-വെള്ളിമാട്‌കുന്ന് റോഡ് പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു
കോഴിക്കോട്: 1000 കോടിയിലധികം രൂപ ചെലവിട്ട് കോഴിക്കോട്ട് 12 റോഡുകളുടെ നിർമാണ പ്രവൃത്തി ആരംഭിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നാലുവരിയായി വികസിപ്പിക്കുന്ന മാനാഞ്ചിറ-വെള്ളിമാട്‌കുന്ന് റോഡിന്റെ മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിന്റെ ഉദ്ഘാടനവും രണ്ടാംഘട്ടമായ മലാപ്പറമ്പ്-വെള്ളിമാട്കുന്ന് റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ദേശീയപാതയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ കാരണം മലാപ്പറമ്പ്-വെള്ളിമാട്കുന്ന് നാലുവരിപ്പാത പദ്ധതി ആദ്യം പ്രതിസന്ധിയിലായിരുന്നു. എന്നാൽ, കേന്ദ്രത്തിൽ നിന്നുള്ള എൻ.ഒ.സിക്കായി കാത്തുനിൽക്കാതെ പദ്ധതിയെ രണ്ട് ഭാഗങ്ങളായി തിരിച്ച് നിർമ്മാണം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. ഒരു ഭാഗത്ത് പ്രവൃത്തി ആരംഭിക്കുകയും മറുഭാഗത്ത് എൻ.ഒ.സിക്ക് വേണ്ടി ശ്രമിക്കുകയും ചെയ്തു. തടസ്സങ്ങൾ നീങ്ങിയതോടെ മുഴുവൻ ദൂരവും നവീകരിക്കാൻ സാധിക്കുന്നത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. ഈ റോഡ് നവീകരിക്കുന്നതോടെ കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. നാടിന് ലഭിക്കുന്ന സമയലാഭം വർഷങ്ങളുടേതാണെന്നും മന്ത്രി പറഞ്ഞു.
ഡൽഹി ‘ന്യൂ ഡൽഹി’ ആയതുപോലെ കോഴിക്കോടിനെ ‘ന്യൂ കാലിക്കറ്റ്’ ആക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 1000 കോടിയിലധികം രൂപ വരുന്ന പാരിസ് മോഡൽ കനാൽ സിറ്റി പദ്ധതിയും ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള റോഡുകളും നഗരത്തിന്റെ മുഖച്ഛായ മാറ്റും. എൻ.എച്ച് 66 യാഥാർത്ഥ്യമാകുന്നതും തുരങ്കപാതയുടെ പ്രവൃത്തി ആരംഭിച്ചതും പുതിയ പാലം യാഥാർത്ഥ്യമായതും ആലപ്പുഴയിലെ പെരുമ്പളം പാലം വന്നതുമെല്ലാം സർക്കാറിന്റെ ദീർഘവീക്ഷണത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള റോഡ് ഫണ്ട് ബോർഡിൻ്റെ കോഴിക്കോട് നഗരപാത വികസന പദ്ധതിയിൽ 8.392 കിലോമീറ്ററാണ് 24 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിക്കുന്നത്. ഇതിൽ പ്രവൃത്തി ഏറെക്കുറെ പൂർത്തിയായ മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിൽ 5.320 കിലോമീറ്റർ നീളത്തിൽ നാലുവരി പാതയായാണ് ആദ്യഘട്ട വികസനം. ഡ്രെയിനേജ്, ഡക്ട് എന്നിവയ്ക്ക് സ്ലാബിടൽ, നടപ്പാതയിൽ ഇന്റർലോക്ക് പതിക്കൽ, ഡിവൈഡറുകൾ സ്ഥാപിക്കൽ എന്നിവയാണ് ശേഷിക്കുന്നത്. മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിന് 76.90 കോടി രൂപയാണ് ചെലവ്. 8.5 മീറ്റർ വീതിയുള്ള രണ്ട് ഭാഗങ്ങളാണ് റോഡിനുണ്ടാകുക. നടുവിൽ മീഡിയനും ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ നടപ്പാതയുമുണ്ടാകും. ഒമ്പതോളം ജങ്ഷനുകളുണ്ട്. മലാപറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള റോഡ് പ്രവൃത്തിക്ക് ആകെ നീളം 3.027 കിലോമീറ്ററാണ്. 50.49 കോടി രൂപയാണ് ചെലവ്.
മലാപ്പറമ്പിൽ നടന്ന ഉദ്ഘാടന ചടങ്ങിനു ശേഷം മന്ത്രി ഘോഷയാത്രയായി മാനാഞ്ചിറയിലെത്തി. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ഒ സദാശിവൻ, മുൻ മേയർ ബീന ഫിലിപ്പ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
1000 കോടിയിലധികം രൂപ ചെലവിട്ട് കോഴിക്കോട്ട് 12 റോഡുകളുടെ പ്രവൃത്തി ആരംഭിക്കും -മന്ത്രി മുഹമ്മദ് റിയാസ്

