ജില്ലാതല തദ്ദേശ അദാലത്ത് 6 ന്; കോര്‍പറേഷന്‍ തലത്തില്‍ ഏഴിന്

ഓണ്‍ലൈനായി ലഭിച്ചത് ആയിരത്തിലേറെ പരാതികൾ

അദാലത്തിന് മന്ത്രി എം ബി രാജേഷ് നേതൃത്വം നല്‍കും

പുതിയ പരാതികള്‍ അദാലത്ത് വേദിയില്‍ സ്വീകരിക്കും


കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്ത്  സെപ്റ്റംബര്‍ 6 നും കോഴിക്കോട് കോര്‍പ്പറേഷന്‍തല അദാലത്ത് 7 നും നടക്കും. രാവിലെ 9 മുതല്‍ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ (കണ്ടംകുളം ജൂബിലി ഹാള്‍) നടക്കുന്ന അദാലത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ അറിയിച്ചു.

അദാലത്തില്‍ പരിഗണിക്കുന്നതിനായി ഇതിനകം ഓണ്‍ലൈന്‍ വഴി 1059 പരാതികളാണ് ലഭിച്ചത്. ഇതില്‍ ജല്ലാതല അദാലത്തിലേക്ക് 690ഉം കോര്‍പറേഷന്‍ അദാലത്തിലേക്ക് 369ഉം പരാതികള്‍ ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുസൗകര്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചവയില്‍ ഏറെയും. 459 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. ബില്‍ഡിംഗ് പെര്‍മിറ്റ് കംപ്ലീഷന്‍- 297, നികുതികള്‍- 79, പദ്ധതി നിര്‍വഹണം- 50, വിവിധ സേവന ലൈസന്‍സുകള്‍- 38, ആസ്തി മാനേജ്‌മെന്റ്- 31, ഗുണഭോക്തൃപദ്ധതികള്‍- 30, സ്ഥാപനങ്ങളിലെയും മറ്റും സൗകര്യങ്ങളുടെ കാര്യക്ഷമത- 23, മാലിന്യ സംസ്‌ക്കരണം- 21, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- 19, സിവില്‍ രജിസ്‌ട്രേഷന്‍- 12 എന്നിങ്ങനെയാണ് ലഭിച്ച മറ്റു പരാതികള്‍.

അദാലത്ത് വേദിയിലും അപേക്ഷകള്‍ നല്‍കാം

സെപ്റ്റംബര്‍ രണ്ടായിരുന്നു ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. എന്നാല്‍ ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അദാലത്ത് വേദിയിലും അപേക്ഷകള്‍ നല്‍കാം. പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനായി ആറ് പ്രത്യേക കൗണ്ടറുകള്‍ അദാലത്ത് വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന തലത്തില്‍ നേരിട്ട് അപേക്ഷിച്ചിട്ടും പരിഹാരമാവാത്ത അപേക്ഷകള്‍ മാത്രമാണ് അദാലത്തില്‍ പരിഗണിക്കുക. രേഖാമൂലം തയ്യാറാക്കിയ പരാതികള്‍ക്കൊപ്പം ആവശ്യമായ അനുബന്ധ രേഖകളും ഉണ്ടായിരിക്കണം. പരാതികള്‍ കൗണ്ടറില്‍ സമര്‍പ്പിച്ച് കൂപ്പണ്‍ കൈപ്പറ്റണം. ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ പരിഗണിച്ച ശേഷമായിരിക്കും പുതിയ അപേക്ഷകള്‍ അദാലത്ത് സമിതി പരിശോധിക്കുക.

പരാതികള്‍ തീര്‍പ്പാക്കാന്‍ സമിതികള്‍

അഞ്ച് ഉപജില്ലാതല സമിതികള്‍, ഒരു ജില്ലാതല സമിതി, ഒരു സംസ്ഥാനതല സമിതി, മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സമിതി എന്നിവയാണ് അദാലത്തിലെത്തിയ അപേക്ഷകള്‍ പരിഗണിച്ച് തീരുമാനം കല്‍പ്പിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കു പുറമെ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ഡയരക്ടര്‍, അര്‍ബന്‍ ഡയരക്ടര്‍, റൂറല്‍ ഡയക്ടര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും അദാലത്തിന് നേതൃത്വം നല്‍കും.

വാഹന പാര്‍ക്കിംഗ് സൗകര്യം

കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ സെപ്റ്റംബര്‍ 6, 7 തീയതികളില്‍ നടക്കുന്ന തദ്ദേശ അദാലത്തുകളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണമെന്ന് തദ്ദേശ സ്വയംവരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. മറ്റിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സത്തിന് കാരണക്കാരാവരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *