കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്ര മന്ത്രിയും ദീർഘകാലം വടകരയിൽ നിന്നുള്ള ലോക്സഭ അംഗവുമായ കെപി ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവായ അദ്ദേഹം എഐസിസി മുൻ അംഗമാണ്. കോഴിക്കോട് പന്നിയങ്കരയിലെ പത്മാലയം വസതിയിൽ നിരവധി പേർ ആദരാഞ്ജലിയർപ്പിക്കാനെത്തി.

മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായ അദ്ദേഹം പത്രപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1971 മുതൽ 1996 വരെ 25 വർഷം തുടർച്ചയായി വടകരയെ ലോക്സഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം 1980 മുതൽ എൽഡിഎഫ് പ്രതിനിധിയായാണ് വിജയിച്ചത്. വി.പി. സിംഗ് മന്ത്രിസഭയിൽ ടെലികമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം മികച്ച ഭരണാധികാരി എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു.

പാർലമെന്റേറിയൻ എന്ന നിലയിൽ ശക്തമായ ഇടപെടലുകൾ ആയിരുന്നു ഉണ്ണികൃഷ്ണന്റേത്. ബോഫോഴ്സ് പോലുള്ള കുംഭകോണങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും മറ്റും പാർലമെൻ്റിലും പുറത്തും ധീരമായ നിലപാട് എടുത്തു. കേന്ദ്ര മന്ത്രി എന്ന നിലയിൽ കേരളത്തിൻ്റെ  താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകാനും അദ്ദേഹത്തിന് സാധിച്ചു.

നെഹ്റുവിയൻ മൂല്യങ്ങൾ കോൺഗ്രസിൽ നിലനിർത്താൻ അദ്ദേഹം ശ്രമിച്ചു. പത്രപ്രവർത്തന രംഗത്ത് നിന്ന് പാർലമെൻ്ററി രംഗത്ത് എത്തി ഇരു രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചു.

1990-ലെ ഗൾഫ് യുദ്ധകാലത്ത് കുവൈത്തിൽ കുടുങ്ങിയ ഒന്നര ലക്ഷത്തോളം മലയാളികളെ തിരിച്ചെത്തിക്കുന്നതിൽ കെപി ഉണ്ണികൃഷ്ണൻ വഹിച്ച നേതൃപരമായ പങ്ക് എക്കാലവും ഓർക്കപ്പെടും. യുദ്ധസാഹചര്യത്തിൽ പോലും ബാഗ്ദാദിലെ രഹസ്യകേന്ദ്രത്തിൽ വെച്ച് സദ്ദാം ഹുസൈനെ കാണാനും മലയാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

വടകരയിൽ കെപി ഉണ്ണികൃഷ്ണനെതിരെയാണ് 1991-ൽ കോലീബി സഖ്യം പൊതു സ്ഥാനാർഥിയെ അവതരിപ്പിച്ചത്. എന്നാൽ  വിജയം എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഉണ്ണികൃഷ്ണനായിരുന്നു. കോൺഗ്രസിലേക്ക് മടങ്ങിയെങ്കിലും ഉണ്ണികൃഷ്ണന് അർഹമായ സ്ഥാനമൊന്നും ലഭിച്ചില്ല. കോൺഗ്രസിൻ്റെ പല നിലപാടുകളെയും അദ്ദേഹം എതിർത്തു.

വാർധക്യ സഹജമായ അവശതകളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000