ആകാശവാണി നിലയത്തിന്റെ പ്രാദേശിക വാർത്താ വിഭാഗം നിർത്തലാക്കരുത്

കോഴിക്കോട്: 60 വർഷത്തിലേറെയായി കോഴിക്കോട് നിന്ന് പ്രക്ഷേപണം ചെയ്യുന്ന പ്രാദേശിക വാർത്തകൾ നിർത്തലാക്കി തിരുവനന്തപുരത്തേക്ക് മാറ്റാൻ നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ശ്രോതാക്കൾ ആകാശവാണിക്ക് മുന്നിൽ സംരക്ഷണ വലയം തീർത്തു. കോഴിക്കോട് ആകാശവാണി ലിസണേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ റേഡിയോ സെറ്റുകളുമായി എത്തി ശ്രോതാക്കൾ തീർത്ത പ്രതീകാത്മക വലയം ശ്രദ്ധേയമായി.

കവി പി കെ ഗോപി ഉദ്ഘാടനം ചെയ്തു. ആകാശവാണി വ്യാപാരവാണിയല്ലെന്നും സാധാരണക്കാരുടെ ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക വാർത്താവിഭാഗം അടച്ചുപൂട്ടാൻ നടത്തുന്ന നീക്കത്തിൽ നിന്ന് അധികൃതർ പിൻമാറണം. ശ്രോതാക്കളുടെ താത്പര്യം സംരക്ഷിക്കണമെന്നും എം പി. മാരും മറ്റു ജനപ്രതിനിധികളും ഇതിനായി യത്നിക്കണമെന്നും പി കെ ഗോപി ആവശ്യപ്പെട്ടു.

മുൻ എം.എൽ.എ. കെ എൻ എ ഖാദർ മുഖ്യാതിഥിയായി. ആകാശവാണിയുടെ തിലകക്കുറിയാണ് പ്രാദേശിക വാർത്താ വിഭാഗമെന്നും അത് അടച്ചുപൂട്ടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡോ. ടി പി മെഹറൂഫ് രാജ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ആകാശവാണി ലിസണേഴ്സ് ഫോറം ചെയർമാൻ ആർ ജയന്ത്കുമാർ അധ്യക്ഷത വഹിച്ചു. ടി പി എം ഹാഷിർ അലി,വിൽസൺ സാമുവൽ, എം. പി പൗലോസ് മാസ്റ്റർ, എം. എ ജോൺസൺ, ടി എം സജീന്ദ്രൻ, പിടി ആസാദ്, സുധീഷ്, അജിത് മാധവ്, സി വിജയലക്ഷ്മി, പ്രേമൻ.പി, പ്രകാശ് കരുമല എന്നിവർ സംസാരിച്ചു. സലാം വെള്ളയിൽ സ്വാഗതവും ഹക്കീം കൂട്ടായി നന്ദിയും പറഞ്ഞു.