കോഴിക്കോട് : ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലായ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ സെപ്റ്റംബർ 7ന് ആരംഭിക്കും. ഏഴുദിവസം നീണ്ടു നിൽക്കുന്ന ഓണച്ചന്തകൾ സെപ്റ്റംബർ 14 വരെ നീണ്ടു നിൽക്കും.
സംസ്ഥാനത്താകെ 1500 വിപണനകേന്ദ്രങ്ങളാണ് ഓണക്കാലത്ത് സഹകരണവകുപ്പ് മുഖേന കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 125 സഹകരണസംഘങ്ങളിലുമായി 141 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ ആരംഭിക്കുന്നത്.
ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗസാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭിക്കും. കേരളത്തിലെ വിവിധ സഹകരണസംഘങ്ങൾ കേരകർഷകരിൽ നിന്നും നേരിട്ട് കൊപ്രശേഖരിച്ച് ഉല്പാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണകളാണ് ഓണച്ചന്തകളിലൂടെ ജനങ്ങളിലേക്കെത്തുന്നത്. ദിനേശ്, റെയ്ഡ്കോ , മിൽമ തുടങ്ങിയ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും പ്രത്യേകം വിലക്കുറവിൽ ഓണച്ചന്തകളിൽ ലഭിക്കും. അതോടൊപ്പം നോൺ-സബ്സിഡി ഇനങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ഓണച്ചന്തകളിൽ ലഭിക്കും. പ്രമുഖ ബ്രാന്റ് കമ്പനികളുടെ എഫ്.എം സി.ജി ഉല്പന്നങ്ങളും ഓഫർ വിലകളിൽ ലഭ്യമാകും.
ത്രിവേണി ബ്രാന്റിൽ കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ തുടങ്ങിയവയും ബിരിയാണി അരി, വെല്ലം , ഡാൽഡ, സേമിയ, പാലട, അരിയട, ചുവന്നൂള്ളി, സവാള എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും. നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകാരമുള്ള പ്രത്യേക ഏജർസിയെ വച്ച് പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയാണ് ഓണച്ചന്തകളിൽ വിപണനത്തിന് എത്തിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലെയും പയ്യോളിയിലെയും കൺസ്യൂമർഫെഡ് ഗോഡൗണുകളിൽ നിന്നും സാധനങ്ങൾ ഓണച്ചന്തകളിലേക്ക് എത്തിച്ച് തുടങ്ങിയതായി കൺസ്യൂമർഫെഡ് റീജണൽ മാനേജർ പി.കെ. അനിൽകുമാർ അറിയിച്ചു. ഒരു ദിവസം 75 പേർക്കാണ് നിത്യോപയോഗസാധനങ്ങൾ ഓണച്ചന്തകളിൽ നിന്നും ലഭ്യമാകുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേനെ നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയിലെ 16 ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴിയും പൊതുമാർക്കറ്റിനേക്കാൾ വിലകുറച്ച് നിത്യോപയോഗ സാധനങ്ങൾ ലഭിക്കും.
കൂടാതെ ത്രിവേണികളിലൂടെ പർച്ചേഴ്സ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് സമ്മാന കൂപ്പണുകളും ലഭ്യമാകും. ടി വി , ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ തുടങ്ങി നിരവധി സമ്മാനങ്ങൾ സമ്മാനക്കൂപ്പണുകളിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.
കൺസ്യൂമർഫെഡിന്റെ ത്രിവേണിസൂപ്പർമാർക്കറ്റുകൾ, സഹകരണ സ്റ്റോറുകൾ, പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾ
പട്ടിക ജാതി പട്ടിക വർഗ സംഘങ്ങൾ, മത്സ്യ സഹകരണ സംഘങ്ങൾ, വനിതാ സഹകരണ സൊസൈറ്റികൾ തുടങ്ങി വിവിധ മേഖലകളിലെ സഹകരണസംഘങ്ങളാണ് ഓണച്ചന്തകൾ ആരംഭിക്കന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേ സമയം 141 ഓണവിപണികൾ ആരംഭിക്കുക വഴി വിലക്കയറ്റം പിടിച്ച് നിർത്താനുള്ള സഹകരണമേഖലയുടെ വിപുലമായ വിപണിയിടപെടലായി ഓണച്ചന്തകൾ മാറും. ഇത് വഴി വിപണിയിലുണ്ടാകുന്ന കൃത്രിമ വിലക്കയറ്റം പിടിച്ച് നിർത്താൻ കഴിയുകയും ചെയ്യും.
സബ്‌സിഡി സാധനങ്ങൾ ഓണച്ചന്തകൾ വഴി ഒരു ഉപഭോക്താവിന് ലഭിക്കുന്ന
ഇനം, അളവ്, വില
1. ജയ അരി………..8 കിലോ…………..232
2. കുറുവ അരി……
8 കിലോ…………..240
3. കുത്തരി…………8 കിലോ……………240
4. പച്ചരി…………….. 2 കിലോ…………….52
5. പഞ്ചസാര…….. ഒരു കിലോ…………27
6. ചെറുപയർ…. ഒരു കിലോ……………92
7. വൻകടല…….. ഒരു കിലോ…………….69
8. ഉഴുന്ന്…………. ഒരു കിലോ……………95
9. വൻപയർ…….. ഒരു കിലോ……………75
10. തുവരപ്പരിപ്പ്…ഒരു കിലോ………….111
11. മുളക്………….. 500ഗ്രാം…………….75
12. മല്ലി……………… 500ഗ്രാം……………..39
13. വെളിച്ചെണ്ണ…. 500ഗ്രാം…………….55
ഓണച്ചന്തയുടെ ജില്ലാ തല ഉദ്ഘാടനം അത്തോളി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് അങ്കണത്തിൽ സെപ്റ്റംബർ 7 ന് വൈകിട്ട് 5 ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബിന്റെ അദ്ധ്യക്ഷതയിൽ പൊതുമരാമത്ത്, ടുറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
കൺസ്യൂമർഫെഡ് ഓണച്ചന്തകൾ 7 മുതൽ

