കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഓൺലൈനായി ചേർന്നു. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി, പൊതു-സ്വകാര്യ ഇടങ്ങളിലെ അനധികൃത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
സർക്കാർ, പൊതു, സ്വകാര്യ വസ്‌തുക്കളിലെ പരസ്യങ്ങൾ യഥാക്രമം 24, 48, 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഇവ നീക്കം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കണം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതിനും തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനുമായി ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഫ്ലൈയിങ് സ്‌ക്വാഡുകളും ആന്റി ഡീഫേസ് മെന്റ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമെ അസിസ്റ്റന്റ് എക്‌സ്പന്റീച്ചര്‍ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങളും ജില്ലാ കലക്ടർ അവലോകനം ചെയ്തു.
യോഗത്തില്‍ സബ് കലക്ടർ ഗൗതം രാജ്, സിറ്റി പോലീസ് കമ്മീഷണർ ജി ജയദേവ്, കോഴിക്കോട് റൂറൽ എസ്.പി ടി ഫറാഷ്, എഡിഎം സി മുഹമ്മദ് റഫീഖ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ കെ എസ് സുബിൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.

