കോഴിക്കോട്: ഒന്നരമാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിർത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് കൊട്ടിക്കലാശത്തോടെ അവസാനം. ഇനിയുള്ള മണിക്കൂറുകൾ നിശബ്ദമായി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും മുന്നണികൾ. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാർട്ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറി.
കൊട്ടിക്കലാശത്തിനിടെ ആറിടങ്ങളിൽ സംഘർഷമുണ്ടായി. മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടലിലേക്കെത്തിയതോടെ പെലീസ് ലാത്തിവീശി. ആറ്റിങ്ങൽ, മാവേലിക്കര, ഇടുക്കി,പത്തനാപുരം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും സംഘർ ഷമുണ്ടായി. കരുനാഗപ്പള്ളിയിൽ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷത്തിനിടെ നാലു പൊലീസുകാർക്ക് പരിക്കേറ്റു. സി ആർ മഹേഷ് എംഎൽഎയ്ക്കും പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്ത് കൊട്ടിക്കലാശത്തിനിടെ അവസാനഘട്ടത്തിൽ മഴപെയ്തത് പ്രവർത്തകരുടെ ആവേശം വാനോളമുയർത്തി.
അതേസമയം, നാളെ രാവിലെ മുതൽ വോട്ടെണ്ണൽ സാമഗ്രികളുടെ വിതരണം നടക്കും. മറ്റന്നാൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട്, കോഴിക്കോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കൊട്ടിക്കലാശം കളറാക്കി മുന്നണികൾ

