മുകേഷ് ഗാനങ്ങളിലൂടെ നഗിൻ ഭായിക്ക് ഓർമ്മപ്പൂക്കൾ
കോഴിക്കോട്: മുകേഷിന്റെ ശോകസാന്ദ്രമായ ഗാനങ്ങളെ ഹൃദയത്തോട് ചേർത്തുവെച്ചിരുന്ന നഗിൻ ദാസ് എന്ന നഗിൻ ഭായി – കലയിലും കച്ചവടത്തിലും, കലർപ്പില്ലാത്ത സൗഹൃദത്തിലും ഒരുപോലെ തിളങ്ങിയ അപൂർവ വ്യക്തിത്വമായിരുന്നു.
പരിചയപ്പെട്ട ഓരോ ഹൃദയത്തിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം, സുഹൃത്തുക്കളുടെയും സംഗീത സ്നേഹികളുടെയും മനസ്സിൽ തീരാത്തൊരു ശൂന്യതയാണ് അവശേഷിപ്പിച്ചത്.
ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സംഗീതത്തെ നെഞ്ചോട് ചേർത്തുനിന്ന നഗിൻ ഭായിയുടെ ഏറ്റവും പ്രിയപ്പെട്ട മുകേഷ് ഗാനങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തെ ഓർക്കാനുള്ള ഹൃദയസ്പർശിയായ ഭാഷ. അദ്ദേഹത്തിന്റെ സൗഹൃദ വലയവും സംഗീത കൂട്ടായ്മകളും ഒരുമിച്ചിരുന്ന്, മുകേഷിന്റെ വിരഹവും പ്രണയവും നൊമ്പരവും ഇഴചേർന്ന അനശ്വര ഗാനങ്ങൾ ആലപിച്ചപ്പോൾ, ഓരോ ഈണവും അദ്ദേഹത്തിന്റെ ഓർമ്മകളെ വീണ്ടും ജീവസ്സുറ്റതാക്കി.
അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പത്ത് ഗാനങ്ങൾ എല്ലാവരും ചേർന്ന് പാടിയപ്പോൾ അദ്ദേഹത്തോടൊപ്പമുള്ള സൗഹൃദ നിമിഷങ്ങളുടെ ഓർമ്മകൾ ഉണർന്നു.
നഗരത്തിലെ പ്രമുഖ സംഗീത സംഘടനകളുടെ പ്രതിനിധികൾ സംസാരിക്കുകയും അവരുടെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെക്കുകയും ചെയ്തു.
കോർപ്പറേഷൻ കൗൺസിലർ സഫറി വെള്ളയിൽ മുഖ്യാതിഥിയായി. ആർ. ജയന്ത് കുമാർ, നയൻ ജെ ഷാ
എ വി റഷീദ് അലി (വാർമുകിൽ), കെ സലാം (പ്രസിഡൻ്റ്, മാ ), എൻ സി അബ്ദുള്ള കോയ, മനോഹർ മാരാർ, ബിപിൻ എച്ച് പരീഖ്, സുന്ദർരാജ്, അനൂന മൻസൂർ, ഭൈരവി, വിശാൽ നഗിൻ ദാസ്, ആഷിഷ് നഗിൻ ദാസ്, രേണുക ബെൻ, കേതൻ വി താക്കർ തുടങ്ങിയവർ സംസാരിച്ചു.