‘നയിദിശ – സ്മൈൽ ഫോർ ജുവനൈൽ’ പദ്ധതിയ്ക്ക് തുടക്കം

കോഴിക്കോട്: ജുവനൈൽ ഹോമുകളിൽ കായിക പരിശീലനത്തിനുള്ള ഇന്ത്യൻ ഓയിൽ
സംരംഭമായ ‘നയിദിശ – സ്മൈൽ ഫോർ ജുവനൈൽ’ പദ്ധതിയുടെ നാലാം ഘട്ടം സംസ്ഥാനത്ത് ആരംഭിച്ചു.
ഇന്ത്യൻ ഓയിൽ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലും മലപ്പുറം തവനൂർ ബോയ്സ് ഹോമിലും നടന്ന ചടങ്ങുകളിൽ ഓൺലൈനായി പങ്കെടുത്താണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. കോഴിക്കോട് ജില്ലാ അസി. കലക്ടർ പ്രതീക് ജെയിൻ, ഇന്ത്യൻ ഓയിൽ ചീഫ് ജനറൽ മാനേജരും സംസ്ഥാന മേധാവിയുമായ ഗീതിക വർമ്മ, അന്താരാഷ്ട്ര ബാഡ്മിൻ്റൺ താരം അപർണ ബാലൻ, മലപ്പുറം ജില്ല ശിശു സംരക്ഷണ ഓഫീസർ ഷൈനി, ഇന്ത്യൻ ഓയിൽ കേരള ഓഫീസിലെ സീനിയർ ഓഫിഷ്യലുകൾ, പ്രിസൺ അധികൃതർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലായി 1115 പേർ പങ്കെടുക്കുന്ന പരിവർത്തൻ്റെ ഏഴാം ഘട്ടവും നയിദിശയുടെ നാലാം ഘട്ടവും 11 ജയിലുകളിലും 12 ജുവനൈൽ ഹോമുകളിലുമെത്തും.
ഇന്ത്യൻ ഓയിലിൻ്റെ നയിദിശ സംരംഭത്തിന് കീഴിൽ കോഴിക്കോട് വെള്ളിമാടുകുന്ന് ഗവ. ചിൽഡ്രൻസ് ഹോമിൽ താമസിക്കുന്ന 26 പേർ വിദഗ്ധ മാർഗ നിർദേശങ്ങളോടെ ടേബിൾ ടെന്നിസ് പരിശീലന ക്യാമ്പിൽ പങ്കെടുക്കും.
പരിവർത്തൻ- പ്രിസൺ ടു പ്രൈഡ് സംരംഭം 2021 ഓഗസ്റ്റ് 15-നാണ് ആരംഭിച്ചത്. നയിദിശ – സ്മൈൽ ഫോർ ജുവനൈലിൻ്റെ ആദ്യ ഘട്ടം 2023 ജനുവരി 26 നും ആരംഭിച്ചു.  കോച്ചിംഗ് സൗകര്യങ്ങൾ മാത്രമല്ല, പങ്കെടുക്കുന്നവർക്ക് ഉപകരണങ്ങളും കിറ്റുകളും പദ്ധതിയിലൂടെ ലഭ്യമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *