പാലിയേറ്റീവ് കെയര്‍ വാരാചരണം: സന്നദ്ധ സംഘടനാ സംഗമവും ആദരവും സംഘടിപ്പിച്ചു
കോഴിക്കോട്: പാലിയേറ്റീവ് കെയര്‍ വാരാചരണത്തിന്റെ ഭാഗമായി സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ലാതല സന്നദ്ധ സംഘടനാ സംഗമവും ആദരവും സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ, ആരോഗ്യ വകുപ്പുകളുടെ സഹകരണത്തോടെ പാലിയേറ്റീവ് കെയര്‍ ജില്ലാതല കോഓഡിനേഷന്‍ കമ്മിറ്റി നടത്തിയ പരിപാടി കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംഗീതം കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ പാലിയേറ്റീവ് മേഖലക്ക് സംഭാവന ചെയ്യാന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷയായി. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് മുഖ്യതിഥിയായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുനീര്‍ എരവത്ത്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം കിഴക്കേകണ്ടിയില്‍, അഡീഷണല്‍ ഡി.എം.ഒ ഡോ. വി പി രാജേഷ്, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, അര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അഖിലേഷ് കുമാര്‍, എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ ഭാരവാഹികളും ആരോഗ്യ, സാമൂഹിക മേഖലകളിലെ പ്രതിനിധികളും പങ്കെടുത്തു.