മൊഴികളിലെ വൈവിധ്യം;ബധിര ദിനത്തിൽ സൗഹൃദ മത്സരം
കോഴിക്കോട്: അന്താരാഷ്ട്ര ബധിര ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച ‘മൊഴി’ സൗഹൃദ മത്സര വേദി മൊഴികളിലെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നതായി.
കേള്‍വിക്ക് അപ്പുറമുള്ള ആശയ വിനിമയ മാർഗങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക, ആംഗ്യ ഭാഷ പ്രോത്സാഹിപ്പിക്കുക, പൊതു ഇടങ്ങളിലും പൊതു സേവന രംഗങ്ങളിലും ബഹുമുഖ ആശയ വിനിമയ മാർഗ്ഗങ്ങൾ സംവിധാനിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുക, കൂടുതൽ ഉൾചേർന്നതും എല്ലാവർക്കും ഒരുപോലെ പ്രാപ്യവുമായ സാമൂഹ്യ അന്തരീക്ഷം വളർത്തിയെടുക്കുക, സവിശേഷിച്ചു വിദ്യാർത്ഥികൾക്കിടയിലും യുവജനങ്ങളും വിഭിന്നമായ ആശയ വിനിമയ രീതികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
‘ബധിരരുടെ മനുഷ്യാവകാശങ്ങളുടെ പ്രഖ്യാപനം’ എന്ന ഈ വർഷത്തെ ബധിര വാരാചരണത്തിൻ്റെ പ്രമേയം അടിസ്ഥാനപ്പെടുത്തിയാണ് പരിപാടി.
കോഴിക്കോടിനെ സമ്പൂർണ ഭിന്നശേഷി സൗഹൃദ ജില്ലയാക്കാൻ ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആരംഭിച്ച സഹമിത്ര സമഗ്ര ഭിന്നശേഷി പരിരക്ഷ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കേൾവി പരിമിതരായ വിദ്യാർത്ഥികളുൾപ്പെടെ രണ്ട് പേരടങ്ങുന്ന ഇടകലർന്ന ടീമുകളാണ് മത്സരത്തിൽ അണിനിരന്നത്. മത്സരാർത്ഥികൾക്ക് ജില്ലാ ഭരണകൂടത്തിൻ്റെ പ്രശസ്തി പത്രവും സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ലാ കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം അംഗങ്ങൾ സെഷനുകൾക്ക് നേതൃത്വം നൽകി.
വെസ്റ്റ്ഹിൽ കേരള ഗവ. പോളിടെക്നിക് കോളേജിലെ അധ്യാപകരായ സുഖദേവ് കെ.എസ്., സന്ദീപ് കെ.എം. എന്നിവർ ആംഗ്യഭാഷ വ്യാഖ്യാതാക്കളായി.
പൊതുജനങ്ങൾക്ക് ആംഗ്യ ഭാഷ പരിചയപ്പെടുത്തുന്നതിന് ജില്ലാ കലക്ടറുടെ സാമൂഹ്യ മാധ്യമ പേജുകൾ വഴി ദിനേനയുള്ള ഹൃസ്വ വീഡിയോ സന്ദേശങ്ങൾ – സൈൻ അപ്പ് വീഡിയോ സീരീസിനും കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ തുടക്കം കുറിച്ചിരുന്നു.