‘ഹൃദയപൂര്‍വം’ ക്യാമ്പയിന് തുടക്കമായി

കോഴിക്കോട്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഹൃദയപൂര്‍വം’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മൊകേരി ഗവ. കോളേജില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം നിര്‍വഹിച്ചു. കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി റീത്ത അധ്യക്ഷയായി.

അഡീഷണല്‍ ഡിഎംഒ ഡോ. വി പി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി ദിനാചരണ സന്ദേശം നല്‍കി. മൊകേരി ഗവ. കോളേജ് പ്രിന്‍സിപ്പല്‍ അഷ്‌റഫ് കൊയിലോത്താന്‍കണ്ടിയില്‍, കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനുരാധ, ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. ഭവില, കുന്നുമ്മൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സി പി സജിത, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ കെ ബിജിഷ, ദീപ സുനില്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രമീള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ. ജെ ആര്‍ അഭിലാഷ് വിദ്യാര്‍ഥികള്‍ക്ക് സിപിആര്‍ പരിശീലനം നല്‍കി.

‘പോഷകാഹാരവും ഹൃദയാരോഗ്യവും’ വിഷയത്തില്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡയറ്റീഷന്‍ ബിനി ആന്റണി ബോധവത്കരണ ക്ലാസെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം, കുന്നുമ്മല്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, മൊകേരി ഗവ. കോളേജ് എന്‍എസ്എസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഹൃദയപൂര്‍വം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് സിപിആര്‍ പരിശീലനം സംഘടിപ്പിക്കും.