കോഴിക്കോട്: ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാലിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനും സാമ്പിളുകള്‍ പരിശോധിച്ച് ഗുണ നിലവാരം
ബോധ്യപ്പെടുന്നതിനും സൗജന്യമായി പാല്‍ പരിശോധിക്കാന്‍ യൂണിറ്റ്
സജ്ജമാക്കി ക്ഷീരവികസന വകുപ്പ്. സിവില്‍ സ്റ്റേഷൻ അഞ്ചാം നിലയിലെ
ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഗുണനിയന്ത്രണ യൂണിറ്റില്‍ സെപ്റ്റംബര്‍
10 മുതല്‍ 14 വരെയാണ് പരിശോധന. പരിശോധനാ ക്യാമ്പ്, ക്വാളിറ്റി
ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ് നിര്‍വഹിച്ചു.
ഓണക്കാലത്ത് പാല്‍ വില്പന വര്‍ദ്ധിക്കുന്നതിനാല്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതലായി പാല്‍ എത്തുന്നുണ്ട്. വിപണിയില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ക്ക് പുറമെയാണ് പൊതുജനങ്ങള്‍ എത്തിക്കുന്ന പാല്‍ ലാബില്‍ സൗജന്യമായി പരിശോധിച്ചു ഫലം നല്‍കുന്നത്. ഗുണനിലവാര പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലി പാല്‍ സാമ്പിള്‍ എങ്കിലും കൊണ്ടുവരണം. പാക്കറ്റ് പാല്‍ ആണെങ്കില്‍ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം. മായം ചേര്‍ന്ന പാല്‍ കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് ഭക്ഷ്യ സുരക്ഷാ വിഭാഗമാണ്. ഫോണ്‍: 0495-2371254.

