‹

മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ സര്‍ജറി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ സര്‍ജറി യൂണിറ്റ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. വെറ്ററിനറി സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. മൃഗങ്ങള്‍ക്കുള്ള പ്രജനന നിയന്ത്രണ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ മൊബൈല്‍ സര്‍ജറി യൂണിറ്റുകള്‍ നടത്തും.

ശസ്ത്രക്രിയകള്‍ സംബന്ധിച്ച രജിസ്ട്രേഷന്‍ സമീപത്തെ വെറ്ററിനറി സ്ഥാപനങ്ങളിലൂടെയാണ് ചെയ്യേണ്ടത്. പ്രാധാന്യമനുസരിച്ചാണ് ശസ്ത്രക്രിയ തിയതി നിശ്ചയിക്കുക. ഈ മാസം അവസാനത്തോടെയാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുക. രണ്ടു വിദഗ്ധ വെറ്ററിനറി ഡോക്ടര്‍മാരും പരിശീലനം ലഭിച്ച ജീവനക്കാരും ഉള്‍പ്പെടുന്നതാണ് സര്‍ജറി ടീം.

കോഴിക്കോട്ടെ ജില്ലാ വെറ്ററിനറി സെന്റര്‍, വടകര വെറ്ററിനറി പോളിക്ലിനിക്, ബാലുശ്ശേരി വെറ്ററിനറി ഹോസ്പിറ്റല്‍, കുന്ദമംഗലം വെറ്ററിനറി ഹോസ്പിറ്റല്‍, പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്, ബേപ്പൂര്‍ വെറ്ററിനറി ഹോസ്പിറ്റല്‍ എന്നിവയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ സഹായത്തിനുമായി സമീപത്തെ വെറ്ററിനറി സ്ഥാപനവുമായി ബന്ധപ്പെടാം.

വളര്‍ത്തുമൃഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സ ഉറപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളും ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വൈകീട്ട് ആറ് മുതല്‍ രാവിലെ അഞ്ച് വരെയാണ് സേവനം. 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ഇരു സേവനങ്ങള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ഈടാക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000