ലഹരിയിൽ നിറം മങ്ങുന്ന കൗമാരം

അശ്വതി പി വി (M Phil PSW –
സൈക്യാട്രിക് സോഷ്യൽ വർക്കർ, വിമുക്തി ഡി അഡിക്ഷൻ സെന്റർ,
കൊല്ലം)

കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ ലഹരി ഉപയോഗം വളരെയധികം വർധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പരീക്ഷണാടിസ്ഥാനത്തിലും കൗതുകത്തിന്റെ പേരിലും ആരംഭിക്കുന്ന ലഹരി ഉപയോഗം പലപ്പോഴും ലഹരി വസ്തുക്കളുടെ അടിമത്തത്തിലാണ് അവസാനിക്കുന്നത്.

കൗമാരം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകവും എന്നാൽ ഏറ്റവും ദുർഘടവുമായ കാലഘട്ടമാണ്. കുട്ടികൾക്ക് തന്റെ വ്യക്തിത്വത്തെപ്പറ്റി കൃത്യമായ ധാരണ ഇല്ലാതെയാവുകയും കുട്ടി ആ ഘട്ടത്തിൽ നിന്നും പുറത്തെത്തുകയും എന്നാൽ മുതിർന്ന വ്യക്തി എന്ന പരിഗണന ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഈ കാലയളവിൽ അവർ മാതാപിതാക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അകന്ന്‌ സുഹൃത്തുക്കളോട് കൂടുതൽ അടുക്കുന്നു. കൂടാതെ സമപ്രായക്കാരായ സുഹൃത്തുക്കളുടെ സ്വഭാവ സവിശേഷതകളും ജീവിത ശൈലിയും അനുകരിക്കാൻ താല്പര്യം കാണിക്കുകയും ചെയ്യുന്നു. കുട്ടികൾ മാതാപിതാക്കളുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും ഉൾക്കൊള്ളുവൻ വിസമ്മതിക്കുന്നു.

സ്വതന്ത്രമായ ചിന്താഗതി വളർത്തിയെടുക്കാൻ ശ്രമിക്കുന്ന കാലഘട്ടമാണ് കൗമാരം. ഈ ഘട്ടത്തിൽ ഉണ്ടാകുന്ന പാകപ്പിഴകൾ കുട്ടികളുടെ ഭാവി ജീവിതത്തെ തന്നെ ബാധിക്കാം. അത്തരത്തിലുള്ള അപകടകരമായ ശീലമാണ്‌ ലഹരി വസ്തുക്കളുടെ ഉപയോഗം.

അധികം കുട്ടികളും ആകാംക്ഷ കാരണം ഒറ്റത്തവണയെങ്കിലും ലഹരി ഉപയോഗിക്കാൻ നിർബന്ധിതരായിട്ടുള്ളവരാണ്. എന്നാൽ ഇത്തരത്തിലുള്ള ഉപയോഗം പോലും പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. വാഹനാപകടങ്ങൾ, വാക്കുതർക്കങ്ങൾ, അടിപിടികൾ, ലഹരിയുടെ നിയന്ത്രണമില്ലാത്ത ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങൾ എന്നിവയൊക്കെ ഇത്തരത്തിലുള്ള അപകടങ്ങളിൽ ചിലതാണ്‌. ഇവരിൽ പലരും സബ്സ്റ്റൻസ് യൂസ്ഡ് ഡിസോർഡർ എന്ന അവസ്ഥയിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

കൗമാര പ്രായക്കാരായ കുട്ടികളാണ് ലഹരിയുടെ ചതിക്കുഴിയിലേക്ക് വീണുപോകാൻ സാധ്യതയേറിയ വിഭാഗം. ലഹരി വസ്തുക്കളുടെ ഉപയോഗം ദീർഘകാല വൈകല്യങ്ങളിലേക്ക് ഇവരെ കൊണ്ടെത്തിക്കാനും സാധ്യതയേറെയാണ്. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന മാനസിക രോഗങ്ങൾ, പഠനത്തിലുള്ള പിന്നോക്കാവസ്ഥ, യൗവനത്തിലേക്ക് കടക്കുമ്പോഴേക്കുമുണ്ടാകുന്ന ശാരീരിക, മാനസിക, സാമൂഹിക പ്രശ്നങ്ങൾ, ഉയർന്ന അളവിലുള്ള സ്ഥിരമായ ലഹരി ഉപയോഗം, കുടുംബ പ്രശ്നങ്ങൾ, ബന്ധങ്ങളിലുണ്ടാകുന്ന വിള്ളൽ എന്നിവ ഇതിലുൾപ്പെടുന്നു. മദ്യം, പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, സിന്തറ്റിക് മയക്കുമരുന്നുകളായ എം ഡി എം എ, എൽ എസ് ഡി കൂടാതെ മാനസിക രോഗത്തിന്റെ ചികിത്സക്ക് വേണ്ടിയും വേദനസംഹാരിയായും നൽകുന്ന ചില മരുന്നുകളും ലഹരിക്കായി ദുർവിനിയോഗം ചെയ്യപ്പെടുന്നതായി കണ്ടുവരുന്നു. ഇവയുടെയൊക്കെ ദീർഘകാല ഉപയോഗം ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുന്നു.

വളരെ കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ പോലും മണിക്കൂറുകളോളം ഉന്മാദാവസ്ഥ നിലനിർത്തുന്ന സിന്തറ്റിക് ലഹരികളാണ് നമ്മുടെ കുട്ടികൾ ഇന്ന് സുഗമമായി ഉപയോഗിച്ച് വരുന്നത്. ഗുളികകൾ, ഇൻജെക്ഷൻ, പൗഡർ, ദ്രാവകം എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും ഇന്ന് ഈ ലഹരികൾ ലഭ്യമാണ്.

ലഹരി വിമോചന കേന്ദ്രങ്ങളിൽ എത്തിപ്പെടുന്ന കൗമാരക്കാരിൽ ഏകദേശം 80 ശതമാനത്തിലധികം പേരും ഹൈസ്കൂൾ തലത്തിന് മുൻപ് തന്നെ മദ്യം,സിഗററ്റ് അടങ്ങിയ മറ്റു പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഒറ്റ തവണയെങ്കിലും ഉപയോഗിച്ചിട്ടുള്ളവരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം

ലഹരിക്കു അടിമപ്പെട്ട കൗമാരക്കാരുടെ മാനസിക – സാമൂഹിക ഘടകങ്ങൾ പരിശോധിക്കുമ്പോൾ മോശമായ കുടുംബ പശ്ചാത്തലം, പേരന്റിങ് അപാകതകൾ, മാതാ പിതാക്കളിലെ മാനസിക പ്രശ്നങ്ങൾ, സ്വഭാവ വൈകൃതങ്ങൾ, ലഹരി ഉപയോഗവും അതിനെതുടർന്നുള്ള കുടുംബ പ്രശ്നങ്ങൾ ഇവയൊക്കെ തന്നെ കുട്ടികളിലെ അപകടകരമായ സ്വഭാവ രൂപീകരണത്തിനും ലഹരി ഉപയോഗത്തിനും വഴിയൊരുക്കുന്നതായി കാണാം.

ലഹരി ഉപയോഗം എങ്ങനെ തിരിച്ചറിയാം

സ്വഭാവത്തിലും പെരുമാറ്റത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ

ഉത്കണ്ഠ, സംശയം, അസ്വസ്ഥത എന്നിവ പ്രകടിപ്പിക്കുക

സ്ഥിരമായി ചെയ്യുന്ന പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക

മോഷണം, കള്ളം പറയുക എന്നീ സ്വഭാവങ്ങൾ കാണിക്കുക

കിടപ്പ് മുറിയുടെ വാതിലുകൾ പൂട്ടിയിടുക, രഹസ്യ സ്വഭാവം കാണിക്കുക

പഴയ സുഹൃത്തുകളിൽ നിന്നും അകന്നു പെട്ടെന്ന് പുതിയ സുഹൃത്ത് വലയം സൃഷ്ടിക്കുക

പഠനത്തിൽ പെട്ടെന്നുണ്ടാകുന്ന പിന്നോക്കാവസ്ഥ,
സ്ഥിരമായി ആസ്വദിച്ചിരുന്ന വിനോദങ്ങളിൽ താല്പര്യമില്ലായ്മ

പെട്ടെന്ന് ദേഷ്യപ്പെടുക, ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുക

ഉറക്കം സാധാരണയിൽ കൂടുതലോ കുറവോ ആയി കാണപ്പെടുക

സ്കൂളിൽ പോകാൻ മടി കാണിക്കുക

ശാരീരികമായ ലക്ഷണങ്ങൾ

വ്യക്തിശുചിത്വം കുറയുക

ചുവന്നു കലങ്ങിയ കണ്ണുകൾ. കണ്ണിന്റെ കൃഷ്ണമണികൾ സാധാരണയിലും വലുതോ ചെറുതോ ആയി കാണുക

വായിലും ചുണ്ടിലും അസാധാരണമായി മുറിവുകൾ കാണപ്പെടുക

മുഖത്തിന്‌ തടിപ്പ്

കൈകളിലും കാലുകളിലും കുത്തിവച്ചതുപോലെയുള്ള പാടുകൾ തടിപ്പുകൾ എന്നിവ കാണുക

കൈ വിറയൽ

ഇടയ്ക്കിടെ കഠിനമായ തലവേദന, ക്ഷീണം

ശരീരഭാരത്തിൽ പെട്ടന്ന് ഗണ്യമായ കുറവുണ്ടാവുക

ഇത്തരത്തിലുള്ള ലക്ഷണങ്ങൾക്ക് പുറമെ കുട്ടികളുടെ നിത്യോപയോഗ സാധങ്ങൾക്കിടയിൽ സംശയാസ്പദമായി സിറിഞ്ചുകൾ, പൈപ്പുകൾ, സ്‌കെയിലുകൾ, ATM കാർഡുകൾ, കുപ്പികൾ ഇങ്ങനെ ഏതെങ്കിലും വസ്തുക്കൾ ഉണ്ടോ എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.

ലഹരി വസ്തുക്കൾക്ക് അടിമയായി കഴിഞ്ഞാൽ അവ വാങ്ങുവാനുള്ള ഭീമമായ തുക കണ്ടെത്തുന്നതിനായി കൗമാരക്കാരും യുവാക്കളും പിന്നീട് ലഹരി വസ്തുക്കളുടെ കച്ചവടത്തിലേക്കും അവയുടെ അനധികൃത കടത്തലിൽ വാഹകരായും മാറുന്നത് പൊതുവെ കണ്ടു വരുന്ന പ്രവണതയാണ്.

ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടത്

കുട്ടികളിൽ ലഹരി ഉപയോഗം ഉണ്ടെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ അവർക്കു ആവശ്യമായ ചികിത്സ നൽകുക എന്നതാണ് ഇതിന്റെ പരിഹാരം. ലഹരിവർജനം ലക്ഷ്യമാക്കിക്കൊണ്ട് സർക്കാരിന്റെ ആഭിമുഖ്യത്തിൽ എക്സൈസ് – ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടത്തുന്ന വിമുക്തി മിഷൻ പ്രവർത്തിച്ചു വരുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പരിപാടികൾക്ക് പുറമെ മിഷന്റെ ഭാഗമായി കേരളത്തിൽ എല്ലാ ജില്ലയിലും വിമുക്തി ഡി-അഡിക്ഷൻ സെന്ററുകളുടെ സേവനങ്ങൾ ലഭ്യമാണ്.

ഈ സെന്ററുകളിൽ രോഗികളുടെ മാനസിക – സാമൂഹിക പുനരധിവാസം ഉറപ്പു വരുത്തുന്നതിനായി മരുന്നുകൾക്കൊപ്പം തന്നെ കൗൺസലിങ്, സൈക്കോതെറാപ്പി, ഫാമിലി തെറാപ്പി, ഗ്രൂപ്പ്‌ തെറാപ്പി എന്നിവയും നൽകുന്നു . ലഹരിക്ക് അടിമയായ ഒരു വ്യക്തിയെ അതിൽ നിന്നും മോചിപ്പിച്ചു പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ആ വ്യക്തിയെയും കുടുംബത്തെയും ഒരേപോലെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിമുക്തി ഡി അഡിക്ഷൻ സെന്ററുകൾ പ്രവർത്തിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *