മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു വർഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 13-നു വൈകിട്ട് 3.30 ന് വടകര മടപ്പള്ളി ജിവിഎച്ച്എസ് സ്കൂൾ ഗ്രൗണ്ടിൽ ചേരുന്ന സമ്മേളനത്തിൽ സഹകരണ – തുറമുഖ വകുപ്പു മന്ത്രി വി. എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. റവന്യൂ മന്ത്രി കെ രാജൻ, പൊതുമരാമത്ത് – ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്, വനം മന്ത്രി എ കെ ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി കെ. കുഞ്ഞാലിക്കുട്ടി, പ്രശസ്ത സാഹിത്യകാരന്മാരായ ടി. പത്മനാഭന്, എം. മുകുന്ദന് എന്നിവർ മുഖ്യാതിഥികളാകും.
എംപി മാരായ കെ മുരളീധരൻ, എം കെ രാഘവൻ, എളമരം കരീം, ബിനോയ് വിശ്വം, പി ടി ഉഷ, എംഎൽഎമാരായ കെ കെ രമ, ടി പി രാമകൃഷ്ണന്, കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, ഇ കെ വിജയൻ, കാനത്തിൽ ജമീല, കെ എം സച്ചിൻ ദേവ്, തോട്ടത്തിൽ രവീന്ദ്രന്, പി ടി എ റഹീം, എം കെ മുനീർ, ലിന്റോ ജോസഫ്, അഹമ്മദ് ദേവർകോവില്‍, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി തുടങ്ങിയ ജനപ്രതിനിധികളും മുൻ മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, സി കെ നാണു തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടിനേതാക്കളും സംസാരിക്കും.
ചീഫ് സെക്രട്ടറി വി വേണു, സഹകരണസെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി വി സുഭാഷ്, കലക്ടർ സ്നേഹിൽ കുമാർ സിങ് തുടങ്ങിയ ഉദ്യോഗസ്ഥപ്രമുഖരും ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് ഏഷ്യ പെസഫിക് റീജിയണൽ ഡയറക്ടർ ബാലു ജി അയ്യർ, മഹാരാഷ്ട്ര ലേബർ കോ- ഓപ്പറേറ്റീവ് ഫെഡറേഷൻ ചെയർമാൻ സഞ്ജീവ് കുസാൽക്കർ, നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന് ഓഫ് ഇന്ത്യ ചെയർമാൻ ദിലീപ് ഭായ് സംഘാനി തുടങ്ങിയ സഹകരണരംഗത്തെ പ്രമുഖരും സാമൂഹിക- സാംസ്ക്കാരികരംഗത്തെ പ്രഗത്ഭരും ആശംസ നേരാൻ എത്തും.
യുഎല്‍സിസിഎസ് ചെയര്‍മാനും സ്വാഗതസംഘം ജനറൽ കൺവീനറുമായ രമേശൻ പാലേരി സ്വാഗതവും യുഎല്‍സിസിഎസ് മാനേജിങ് ഡയറക്ടര്‍ എസ് ഷാജു നന്ദിയും ആശംസിക്കുന്ന പരിപാടി കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് ശരത്ത് ഈണം പകർന്ന് എം ജി ശ്രീകുമാർ ആലപിച്ച സ്വാഗതഗാനത്തോടെയാണ് ആരംഭിക്കുക. ഊരാളുങ്കൽ സൊസൈറ്റിയെപ്പറ്റി ഡോ. ടി എം തോമസ് ഐസക്കും പ്രൊഫ. മിഷേൽ വില്യംസും ചേർന്നെഴുതിയ അക്കാദമികഗ്രന്ഥമായ ‘ബിൽഡിങ് ഓൾട്ടർനേറ്റീവ്സി’ന്റെ പരിഷ്കരിച്ച ശതാബ്ദിപ്പതിപ്പും സൊസൈറ്റിയുടെ ചരിത്രം പറയുന്ന ‘ഊരാളുങ്കൽ: കഥകളും കാര്യങ്ങളും’ (മനോജ് കെ പുതിയവിള) എന്ന പുസ്തകവും വേദിയിൽ പ്രകാശനം ചെയ്യും.
സൊസൈറ്റിയുടെ മാർഗദീപമായ ഗുരു വാഗ്ഭടാനന്ദന്റെ ജീവിതത്തിലെ സുപ്രധാനമുഹൂർത്തങ്ങളും ഊരാളുങ്കൽ സൊസൈറ്റിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളും കോർത്തിണക്കി സുസ്ഥിരവികസനത്തിന്റെ കലാത്മകാവിഷ്ക്കാരമായ (Artistic Narratives in Sustainable Social Development) ‘കളേഴ്സ് ഓഫ് റെസിലിയൻസ്’ എന്ന പ്രദർശനവും ഉദ്ഘാടനനഗരിയിൽ ഒരുക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രമുഖചിത്രകാരരുടെ ആവിഷ്കാരങ്ങളാണ് ചിത്രപ്രദർശനത്തിൽ ഉള്ളത്.
ഉദ്ഘാടനസമ്മേളനത്തിനുശേഷം അതേ വേദിയിലും മടപ്പള്ളി കോളേജ് ഗ്രൗണ്ടിലും കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്. ചലച്ചിത്രതാരം റിമ കല്ലിങ്കൽ നയിക്കുന്ന മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെ ‘നെയ്ത്ത്’ എന്ന നൃത്തവിസ്മയത്തോടെ വൈകിട്ട് 6-ന് കലാസന്ധ്യയ്ക്കു തുടക്കമാകും. തുടർന്ന് അതേ വേദിയിൽ ഏഴുമണിക്കു നടക്കുന്ന ‘മെലഡി നൈറ്റ്’ സംഗീതനിശയിൽ ജി വേണുഗോപാൽ, അഫ്സൽ, മഞ്ജരി, സയനോര, നിഷാദ്, രേഷ്മ രാഘവേന്ദ്ര, ശ്രീദേവി കൃഷ്ണ, അരവിന്ദ് വേണുഗോപാൽ എന്നിവർ പങ്കെടുക്കും. മടപ്പള്ളി കോളേജ് ഗ്രൗണ്ടിലെ വേദിയിൽ രാത്രി 8 മുതൽ ശിവമണി, സ്റ്റീഫൻ ദേവസ്സി, ആട്ടം കലാസമിതി എന്നിവർ ചേർന്ന് മ്യൂസിക് ഫ്യൂഷൻ ഒരുക്കും.
ശതാബ്ദിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി ശതാബ്ദിലോഗോ ചലച്ചിത്രതാരം മോഹൻലാലും ബ്രോഷർ തെന്നിന്ത്യൻ താരവും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും യുഎൽസിസിഎസ് ന്യൂസ് ലെറ്റർ വ്യവസായമന്ത്രി പി രാജീവും പ്രകാശനം ചെയ്തു. കെഎൽഎഫിൽ സൊസൈറ്റി ചെയർമാനും എഴുത്തുകാരൻ എം. മുകുന്ദനുമായുള്ള സഭാഷണവും സംഘടിപ്പിച്ചിരുന്നു.
സമ്മേളനനഗരിയിൽ സംഘടിപ്പിക്കുന്ന ‘കളേഴ്സ് ഓഫ് റെസിലിയൻസ്’ പ്രദർശനത്തിനുള്ള മൂന്നു ദിവസത്തെ ചിത്രരചനാക്യാമ്പും ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി നടക്കുന്നുണ്ട്. ഫെബ്രുവരി 8, 9, 10 തീയതികളിൽ ഇരിങ്ങൽ സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് ക്യാമ്പ്.
രാജ്യാന്തരസമ്മേളനം അടക്കം ഒരു വർഷത്തെ പരിപാടികൾ
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ – ദാപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരുവർഷം നീളുന്ന ശതാബ്ദിയാഘോഷത്തിൽ അന്താരാഷ്ട്ര സഹകരണ ഉച്ചകോടിയും സുസ്ഥിരനിർമ്മാണങ്ങളെപ്പറ്റിയുള്ള അന്താരാഷ്ട്ര ഗവേഷണസെമിനാറും പൊതുനിർമ്മാണങ്ങളുടെ സോഷ്യൽ ഓഡിറ്റും ഉൾപ്പെടെ വൈവിദ്ധ്യമാർന്ന നിരവധി പരിപാടികളാണ് ആലോചിച്ചിട്ടുള്ളത്.
സൊസൈറ്റിയുടെ അടുത്ത 25 വർഷത്തേക്കുള്ള ഭാവിപരിപ്രേക്ഷ്യവും തയ്യാറാക്കുക എന്നതാണ് ഒരു പ്രധാനലക്ഷ്യം. ഊരാളുങ്കൽ സൊസൈറ്റിയെയും ഗുരു വാഗ്ഭടാനന്ദനെയും ലോകത്തിനു പരിചയപ്പെടുത്താനുള്ള വൈവിദ്ധ്യമാർന്ന പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. സൊസൈറ്റിയുമായും സൊസൈറ്റിയുടെ കർമ്മമേഖലകളുമായും ബന്ധപ്പെട്ട പതിനഞ്ചോളം പുസ്തകങ്ങൾ ഇക്കാലയളവിൽ പ്രസിദ്ധീകരിക്കാനും പദ്ധതിയുണ്ട്. ഇതിൽ സൊസൈറ്റിയുടെ ജനകീയവാങ്മൊഴിചരിത്രവും ഉൾപ്പെടും.
കോ-ഓപ്പറേറ്റീവ് ഫെസ്റ്റിവൽ, സഹകരണപ്രദർശനം, ചരിത്രപ്രദർശനം, പുസ്തകോത്സവം തുടങ്ങിയ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഇവ സൊസൈറ്റിയുടെ ചരിത്രം, ആഗോളതലത്തിലെ മറ്റു സഹകരണമാതൃകകൾ, നിമ്മാണം, ആർക്കിടെക്ചർ, ടൂറിസം മേഖലകളിലെ മുന്നേറ്റങ്ങൾ, സഹകരണമേഖലയെപ്പറ്റിയുള്ള ചർച്ചകൾ, കലാസാംസ്ക്കാരികപരിപാടികൾ തുടങ്ങിയവയെല്ലാം ചേർന്ന് വിപുലമായിരിക്കും.
നൂറു വർഷത്തെ അടയാളപ്പെടുത്തുന്ന ഒരു സിവിൽ മാർവെൽ എൻജിനീയർമാരുടെ സഹായത്തോടെ പടുത്തുയർത്തും. സഹകരണമേഖല, നിർമ്മാണരംഗം, വാഗ്ഭടാനദദർശനങ്ങൾ, പുതിയ നിർമ്മാണസാമഗ്രികൾ, പരമ്പരാഗതകലാകരകൗശലരംഗം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണഫെലോഷിപ്പുകൾ ഏർപ്പെടുത്തും. ഇന്ത്യയിലെയും ലോകത്തെയും സർവകലാശാലകളിൽ വാഗ്ഭടാനന്ദദർശനം പരിചയപ്പെടുത്തുന്ന സെമിനാറുകൾ നടത്തും. വാഗ്ഭടാനന്ദ ഗവേഷണകേന്ദ്രം, സർവകലാശാലകളിൽ വാഗ്ഭടാനന്ദ ചെയർ തുടങ്ങിയവയും ആലോചനയിൽ ഉണ്ട്.
തൊഴിലാളികളുടെ നൈപുണ്യത്തിലും ഉയർന്ന വേതനത്തിലും ആനുകൂല്യങ്ങളിലും ക്ഷേമത്തിലും മുഖ്യ ഊന്നൽ നല്കി പ്രവർത്തിക്കുന്ന സൊസൈറ്റി തൊഴിലാളികൾക്കുള്ള പാർപ്പിടനിർമ്മാണം, തുടർപഠനം, മക്കൾക്ക് രാജ്യത്തെ ഉന്നതവിദ്യാലയങ്ങളിൽ പ്രധാനകോഴ്സുകൾക്ക് സ്കോളർഷിപ്, ആരോഗ്യസർവേ, ജീവിതശൈലീരോഗപ്രതിരോധം, സൊസൈറ്റിക്കു സ്വന്തം കായികടീമുകൾ, കായികപരിശീലനം, കലാപരിശീലനം തുടങ്ങിയ പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎൽ ടെക്നിക്കൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് തുടങ്ങാനും തീരുമാനമുണ്ട്. കൂടാതെ തൊഴിലാളികളുടെ കുടുംബസംഗമം, കലാമേള തുടങ്ങിയവും ആഘോഷത്തിൻ്റെ ഭാഗമാണ്.
കൃഷി, ടൂറിസം രംഗങ്ങൾ ബന്ധപ്പെടുത്തി ഒരു മാതൃകാ കൃഷിയിടമോ മാതൃകാഗ്രാമമോ വികസിപ്പിക്കൽ, യുവാക്കൾക്കു തൊഴിൽ നല്കാൻ ലോകനിലവാരത്തിൽ നൈപുണ്യം നല്കി വിവിധമേഖലകളിൽ ലേബർ ബാങ്കുകൾക്കു രൂപം നല്കൽ, പൊതുജനങ്ങൾക്കായി സോളാർ പദ്ധതി ഉൾപ്പെടെ വിവിധ സേവന, ശാക്തീകരണ, വികസനപദ്ധതികൾ എന്നിങ്ങനെ വേറെയും പരിപാടികൾ വിഭാവനം ചെയ്തിട്ടുണ്ട്. ഇവയ്ക്കും വൈകാതെ അന്തിമരൂപം നല്‍കും. 2025 ഫെബ്രുവരി 13-നു വിപുലമായ പരിപാടികളോടെ ആഘോഷങ്ങൾ സമാപിക്കും.
ഊരാളുങ്കൽ സൊസൈറ്റി ശതാബ്ദിയാഘോഷം: 13ന് തുടക്കം

