എസ്എസ്എൽസി, പ്ലസ് ടു മികവിന് 53 പേർക്ക് യുഎൽസിസിഎസ് ഉപഹാരം

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്എസ്എൽസിക്കു മികച്ച വിജയം നേടിയ 26-ഉം പ്ലസ് ടുവിനു മികച്ച വിജയം നേടിയ 27-ഉം വിദ്യാർത്ഥികൾക്ക് പുരസ്കാരം നല്കി. സൊസൈറ്റി വയോജനങ്ങൾക്കായി നടത്തുന്ന പകൽ‌വീടായ ‘മടിത്തട്ടിൽ’ നടന്ന ചടങ്ങ് സൊസൈറ്റിയുടെ വൈസ് ചെയർമാൻ എം. എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ ഡയറക്ടർ വി. കെ. അനന്തൻ അദ്ധ്യക്ഷനായി. യു‌എൽ റിസേർച്ച് ഡയറക്ടർ സന്ദേശ് ഇ. പ മുഖ്യപ്രഭാഷണം ചെയ്തു.


എസ്എസ്എൽസിക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ 17 പേർ ഒന്നാം റാങ്കുകാരായി. എട്ടുപേർ രണ്ടാം റാങ്കിനും ഒരാൾ മൂന്നാം റാങ്കിനും അർഹരായി. പ്ലസ് ടുവിന് മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ 11 പേർ ഒന്നാംറാങ്കും പത്തുപേർ രണ്ടാംറാങ്കും ആറുപേർ മൂന്നാംറാങ്കും നേടി. 6,46,000 രൂപയാണ് ആകെ സമ്മാനത്തുക.

എസ്എസ്എൽസി, പ്ലസ് ടൂ വിജയികൾക്ക് ഗ്രേഡുകളുടെ അടിസ്ഥാനത്തിൽ മൂന്നു റാങ്കുകൾ നിശ്ചയിച്ചാണ് സമ്മാനം നല്കിയത്. മെഡലും സർട്ടിഫിക്കറ്റും ഉപഹാരവും അടങ്ങിയതാണ് സമ്മാനങ്ങൾ. ഒന്നാം റാങ്കിന് 15,000 രൂപയും രണ്ടാം റാങ്കിന് 10,000 രൂപയും മൂന്നാം റാങ്കിന് 8,000 രൂപയുമാണ് സൊസൈറ്റിയുടെ ഉപഹാരം. ഇതിനുപുറമെ, യഥാക്രമം 2000, 1500, 1000 രൂപവീതം സൊസൈറ്റിയംഗങ്ങളുടെ കൾച്ചറൽ സെന്ററിന്റെ സമ്മാനവും ഉണ്ടായിരുന്നു.

സൊസൈറ്റിയുടെ ഡയറക്ടർമാരായ പി. പ്രകാശൻ, പി. കെ. സുരേഷ് ബാബു, കെ. ടി. കെ. അജി, കെ. ടി. രാജൻ, ഷിജിൻ ടി. ടി., ശ്രീജിത്ത് സി. കെ., ലുബിന ടി., സർഗാലയ സി‌ഇ‌ഒ ഷാരോൺ വീട്ടിൽ, സർഗാലയ സിഒഒ രാജേഷ് ടി. കെ., കോർപ്പറേറ്റ് ഹെഡ് (‌എച്ഛ്‌ആർ) കെ. ഹരീന്ദ്രൻ, ജി‌എം (പ്രൊജക്ട്സ്) ടി. പി. രാജീവൻ എന്നിവർ ആശംസ നേർന്നു. സൊസൈറ്റി എംഡി എസ്. ഷാജു സ്വാഗതവും ജി‌എം അഡ്മിൻ കെ. പി. ഷാബു, നന്ദിയും പറഞ്ഞു.