ഒന്നാന്തരം ഒന്ന് വിജയസംഗമം  മാർച്ച് 9 ന്


കോഴിക്കോട്: കുഞ്ഞെഴുത്തിന്റെ കരുത്തും കുട്ടിവായനയുടെ തിളക്കവും തെളിവുകൾ സഹിതം അവതരിപ്പിക്കാൻ ഒന്നാം ക്ലാസിലെ
അധ്യാപകർ മാർച്ച് ഒൻപതിന് ഒത്തുചേരുന്നു. മാനാഞ്ചിറ ബി.ഇ.എം ജിഎച്ച്എസ്എസിലാണ് ഒന്നാംക്ലാസ് കുട്ടികളുടെ പഠന നേട്ടങ്ങൾ പങ്കുവെക്കലും ഫലപ്രാപ്തി വിശകലനവും നടക്കുക. ഒന്നാന്തരം ഒന്ന് വിജയസംഗമം ഡോ. കെ പി അരവിന്ദൻ ഉദ്ഘാടനം ചെയ്യും. 

സംസ്ഥാനത്തെ നൂറിലധികം വിദ്യാലയങ്ങൾ ഒന്നാം ക്ലാസിലെ അഭിമാന നേട്ടങ്ങൾ പങ്കുവെക്കും. ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ നടപ്പാക്കിയ സചിത്രപാഠം, സംയുക്ത ഡയറി പാട്ടുത്സവം, ഭാഷോത്സവം എന്നിവയിലൂടെ കുട്ടികളിലൂടെ രൂപപ്പെട്ട ഡയറികൾ, കുട്ടിപ്പത്രം, ചിത്രകഥാ പുസ്തകം, വിവിധ കുറിപ്പുകൾ എന്നിവയുടെ പ്രദർശനങ്ങളും ഉണ്ടാവും. സംസ്ഥാനത്തെയും ജില്ലയിലെയും ഈ വർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അധ്യാപകരുടെ പ്രബന്ധാവതരണവും, അനുഭവ വിവരണങ്ങളും, ചർച്ചകളും അക്കാദമിക വിദഗ്ധരുമായുള്ള സംവദിക്കലും, ഈ സംഗമത്തിന്റെ ഭാഗമായി നടക്കും.

ഈ വർഷം ഒന്നാംക്ലാസിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലയാണ് കോഴിക്കോട്. ബിആർസികൾ നടത്തിയ അവസ്ഥാ പഠനത്തിൽ നിന്നും ഒന്നാം ക്ലാസിലെ 98 ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയാമെന്ന് കണ്ടെത്തിയിട്ടുണ്ട്.  ഈ വർഷം ഒന്നാം ക്ലാസിന് അക്കാദമി പിന്തുണ നൽകിയ വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. ടി പി കലാധരൻ ചടങ്ങിൽ മുഖ്യാതിഥിയാവും. സംഗമത്തിൽ  ബിആർസികൾ കുട്ടികളുടെ മികച്ച ഡയറികൾ ഉൾപ്പെടുത്തി തയാറാക്കിയ സംയുക്ത ഡയറി സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അമൂൽ റോയ് ആർ പി പ്രകാശനം ചെയ്യും. സമഗ്ര ശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കിം വിജയസംഗമത്തിന് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *