മുട്ടുങ്ങൽ എൽപിഎസ് അടച്ചുപൂട്ടില്ല


ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുക്കുന്ന സ്കൂളിന് എം മുകുന്ദൻ തറക്കല്ലിട്ടു


വടകര: ദേശീയപാതാ വികസനത്തിനായി പൊളിച്ച മുട്ടുങ്ങൽ എൽപി സ്കൂളിന് സ്വന്തം കെട്ടിടം ഒരുങ്ങുന്നു. നാട്ടുകാരുടെ അഭ്യർത്ഥനപ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുക്കുന്ന സ്കൂളിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ നിർവഹിച്ചു. യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി അധ്യക്ഷത വഹിച്ചു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ മാസ്റ്റർ മുഖ്യാതിഥിയായി.

വിദ്യാഭ്യാസത്തിലും തൊഴിലിലും ഊന്നി സാമൂഹികപരിഷ്കരണത്തിനു തുടക്കമിട്ട ഗുരു വാഗ്ഭടാനന്ദന്റെയും അദ്ദേഹത്തിന്റെ മുൻകൈയിൽ സ്ഥാപിച്ച ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെയും കർമ്മമാർഗത്തിലെ സ്വാഭാവികദൗത്യമാണ് സ്കൂൾ ഏറ്റെടുക്കലിലൂടെ സൊസൈറ്റി നിറവേറ്റുന്നതെന്ന് മുകുന്ദൻ പറഞ്ഞു. ആത്മവിദ്യാസംഘം സ്കൂളിനു ഗുരു തുടക്കം കുറിച്ചകാര്യം അദ്ദേഹം അനുസ്മരിച്ചു. നാട്ടിൽ പ്രതിസന്ധി ഉണ്ടായാൽ അതു മറികടക്കാൻ ഇടപെടുക എന്നതായിരുന്നു വാഗ്ഭടാനന്ദന്റെ സമീപനം. അതു പിന്തുടരുന്ന സൊസൈറ്റിക്ക് പ്രതിസന്ധിയിലായ ഈ സ്കൂൾ മികവാർന്നതാക്കി മാറ്റാൻ കഴിയട്ടെയെന്നും എം മുകുന്ദൻ പറഞ്ഞു.

പൊളിക്കേണ്ടിവന്നത് 130 കൊല്ലം പഴക്കമുള്ള വിദ്യാലയമാണ്. നിലവിൽ വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. അടച്ചുപൂട്ടലല്ലാതെ മാർഗമില്ലാതായ സ്കൂളിനായി പഞ്ചായത്തുപ്രസിഡന്റിന്റെ നേതൃത്വത്തിൽ രൂപവക്കരിച്ച സ്കൂൾ സംരക്ഷണസമിതി സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയിലാണ് അവർ ഊരാളുങ്കൽ സൊസൈറ്റിയെ സമീപിക്കുന്നത്. സ്കൂൾ ഏറ്റെടുക്കണമെന്ന അഭ്യർത്ഥന സൊസൈറ്റി സ്വീകരിച്ചതോടെ സ്കൂൾ മാനേജ്മെന്റും പിടിഎയും സ്കൂൾ വികസനസമിതിയും ചേർന്ന് സ്കൂളിന്റെ ഉടമസ്ഥത സൊസൈറ്റിക്കു കൈമാറാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് സൊസൈറ്റി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുന്നത്.

എത്രയും വേഗം പണി പൂർത്തിയാക്കി പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. വിദ്യാഭ്യാസരംഗത്തു പുതിയ ദിശാബോധം പകരുന്ന ഒരു മാതൃഭാഷാവിദ്യാലയം വളർത്തിയെടുക്കുക എന്ന വലിയസ്വപ്നമാണ് മനസിലുള്ളതെന്നും സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കൾക്ക് പ്രവേശനത്തിൽ മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചോമ്പാല എഇഒ സപ്ന ജൂലിയറ്റ്, ഐഎസ്ആർഒ മുൻ ഡയറക്ടർ ഇ കെ കുട്ടി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നാരായണൻ മാസ്റ്റർ, യുഎൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം കെ ജയരാജ്, സ്കൂൾ സംരക്ഷണത്തിനായി പ്രവർത്തിച്ച കെ സി സജീവൻ, സജിത് കുമാർ കല്ലിടുക്കിൽ, സി വി ബാബു, സ്കൂളിന്റെ മുൻ മാനേജർ എം പി മുരളീധരൻ, ഹെഡ്മിസ്ട്രസ് എം രോഷിമ എന്നിവർ സംസാരിച്ചു.

സ്കൂൾ ഏറ്റെടുക്കൽ സംബന്ധിച്ച റിപ്പോർട്ട് യുഎൽ റിസർച്ച് ഡയറക്ടർ സന്ദേശ് ഇ. പ. അവതരിപ്പിച്ചു. യുഎൽസിസിഎസ് വൈസ് ചെയർമാൻ എം എം സുരേന്ദ്രൻ സ്വാഗതവും ജനറൽ മാനേജർ (അഡ്മിൻ) കെ പി ഷാബു നന്ദിയും പറഞ്ഞു.

ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുക്കാൻ തീരുമാനിച്ച മുട്ടുങ്ങൽ എൽപി സ്കൂളിനു നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച്  എം മുകുന്ദൻ സംസാരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *